അസമിൽ ഹിന്ദു ദമ്പതികൾ ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകണം; വീണ്ടും വിവാദ പ്രസ്താവനയുമായി ഹിമന്ത ബിശ്വ ശർമ്മ

'മുസ്ലീങ്ങളോട് ഏഴ് മുതൽ എട്ട് വരെ കുട്ടികൾക്ക് ജന്മം നൽകരുതെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. അതേസമയം ഹിന്ദുക്കളോട് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ഞങ്ങൾ ആവശ്യപ്പെടുന്നു'

അസമിൽ ഹിന്ദു ദമ്പതികൾ ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകണം; വീണ്ടും വിവാദ പ്രസ്താവനയുമായി ഹിമന്ത ബിശ്വ ശർമ്മ
dot image

ദിസ്പൂർ: വീണ്ടും വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിൽ ഹിന്ദു ദമ്പതികൾ ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകണമെന്നായിരുന്നു ഇത്തവണ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ആവശ്യം. മതന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദുവിഭാഗങ്ങൾക്കിടയിലെ ജനനനിരക്ക് കുറവാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹിമന്ത ബിശ്വ ശർമ്മയുടെ പ്രസ്താവന.

മതന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളിൽ ജനനനിരക്ക് അനുപാതം കൂടുതലാണ്. ഹിന്ദുക്കളിൽ ജനനനിരക്ക് അനുപാതം കുറയുന്നു. ഇതിൽ ഒരു വ്യത്യാസമുണ്ടെന്നായിരുന്നു മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം. ഹിന്ദു കുടുംബങ്ങൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന അഭ്യർത്ഥനയ്ക്ക് പിന്നിൽ ഇതാണെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി. 'മൂന്ന് കുട്ടികൾക്കെങ്കിലും ജന്മം നൽകാൻ കഴിയുന്നവർ ഒരു കുട്ടിയിൽ നിർത്തരുതെന്നും കുറഞ്ഞത് രണ്ട് കുട്ടികൾക്കെങ്കിലും ജന്മം നൽകണമെന്നും ഞങ്ങൾ ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. മുസ്ലീങ്ങളോട് ഏഴ് മുതൽ എട്ട് വരെ കുട്ടികൾക്ക് ജന്മം നൽകരുതെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. അതേസമയം ഹിന്ദുക്കളോട് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. അല്ലെങ്കിൽ ഹിന്ദുക്കളുടെ വീട് നോക്കാൻ ആരുമുണ്ടാകില്ല' എന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.

48 നിയമസഭാ സീറ്റുകൾ മുസ്ലീങ്ങൾക്ക് സംവരണം ചെയ്യണമെന്ന കോൺഗ്രസ് വക്താവിന്റെ ആവശ്യത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. 'ഹിന്ദുക്കളെയും മുസ്ലീങ്ങളെയും പരിഗണിക്കാതെ അസമീസ് ജനതയ്ക്ക് സീറ്റ് സംവരണം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. എന്നാൽ കോൺഗ്രസ് മുസ്ലീങ്ങൾക്ക് സീറ്റ് സംവരണം ആവശ്യപ്പെടുന്നു' എന്നായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം.

നേരത്തെ അസമിലെ ജനസംഖ്യാ പ്രവണതകളെക്കുറിച്ച് അസം മുഖ്യമന്ത്രി സംസാരിച്ചിരുന്നു. 2027 ലെ സെൻസസിൽ ബംഗ്ലാദേശി വംശജരായ മിയ മുസ്ലീങ്ങളുടെ ജനസംഖ്യ 40 ശതമാനത്തിലെത്തുമെന്നായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ പ്രസ്താവന. താൻ ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയനിലൂടെ (എഎഎസ്‌യു) രാഷ്ട്രീയ ജീവിതം ആരംഭിച്ചപ്പോൾ അവരുടെ ജനസംഖ്യ 21 ശതമാനമായിരുന്നുവെന്നും 2011ലെ സെൻസസിൽ ഇത് 31 ശതമാനമായി ഉയർന്നതായും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാണിച്ചിരുന്നു.

ബംഗ്ലാദേശി വംശജരായ മിയ മുസ്ലീങ്ങളുടെ ജനസംഖ്യ 40 ശതമാനത്തിന് മുകളിലാകും. അസമീസ് ജനതയുടെ ഭാവി തലമുറ അവരുടെ ജനസംഖ്യ 35 ശതമാനത്തിൽ താഴെയാകുന്നത് കാണുന്ന ദിവസങ്ങൾ വിദൂരമല്ല എന്നും അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. 'വടക്കുകിഴക്കൻ ഇന്ത്യയെ വിച്ഛേദിച്ച് ബംഗ്ലാദേശുമായി കൂട്ടിച്ചേർക്കണമെന്ന് അവർ (ബംഗ്ലാദേശ്) പലപ്പോഴും പറയാറുണ്ട്. വടക്കുകിഴക്കൻ ഇന്ത്യ പിടിച്ചെടുക്കാൻ അവർക്ക് യുദ്ധം ചെയ്യേണ്ട ആവശ്യമില്ല. അവരുടെ ജനസംഖ്യ 50 ശതമാനം കവിഞ്ഞാൽ അത് യാന്ത്രികമായി അവരുടെ കൈകളിലെത്തും' എന്ന പരാമർശവും ഹിമന്ത ബിശ്വ ശർമ്മ നടത്തിയിരുന്നു.

Content Highlights: Hindus to have more children Himanta Biswa Sarma has sparked a fresh controversy

dot image
To advertise here,contact us
dot image