

കോഴിക്കോട്: വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിച്ചെന്ന് സമസ്ത കാന്തപുരം എപി വിഭാഗം എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കിം അസ്ഹരി. പ്രായാധിക്യം അദ്ദേഹത്തിന്റെ പരാമർശങ്ങളെ സ്വാധീനിച്ചെന്നും വർഗീയ ധ്രുവീകരണം ഉണ്ടാകുന്നു എന്ന് ജനങ്ങൾ ചിന്തിച്ചുവെന്നും അബ്ദുൽ ഹക്കിം അസരി റിപ്പോർട്ടറിനോട് പറഞ്ഞു.
'വെള്ളാപ്പള്ളിയുടെ പ്രായാധിക്യം അദ്ദേഹത്തിന്റെ പ്രസ്താവനകളെ സ്വാധീനിച്ചു. നല്ല ഒരു നേതൃത്വത്തെ എസ്എൻഡിപി കണ്ടെത്തണം. സമാധാനം ആഗ്രഹിക്കുന്നവർ വെള്ളാപ്പള്ളിയുടെ പരാമർശത്തെ തള്ളിയിട്ടുണ്ട് എന്നും എന്നാൽ വിദ്വേഷത്തിന്റെ അവസ്ഥയില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റ ഉത്തരവാദിത്ത'മാണെന്നും അബ്ദുൽ ഹക്കിം അസ്ഹരി പറഞ്ഞു
തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം വെച്ചുകൊണ്ട് നിയമസഭയിൽ യുഡിഎഫിന് അനുകൂലമായ ട്രെൻഡ് ആണുള്ളത് എന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. ആരെയാണ് തങ്ങൾ പിന്തുണയ്ക്കുക എന്നതൊന്നും ഒരു വിഷയമായിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം യുഡിഎഫിന് ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളിയുമായുള്ള മുഖ്യമന്ത്രിയുടെ സൗഹൃദം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന വിമർശനം സിപിഐഎമ്മിൽ ഉയർന്നിരുന്നു. അയ്യപ്പ സംഗമത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനൊപ്പം കാറിൽ വേദിയിലെത്തിയത് തെറ്റാണെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. മലബാർ മേഖലയിൽ ജനങ്ങൾ പാർട്ടിയോട് മുഖം തിരിക്കാൻ ഇത് കാരണമായി എന്നും വിലയിരുത്തലുകൾ ഉണ്ടായിരുന്നു.
വിവാദത്തിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വെള്ളാപ്പള്ളി കാറില്‍ കയറിയത് തെറ്റല്ല എന്നും ചിലര്‍ അത് വലിയ അപരാധമായി ചിത്രീകരിക്കുന്നു എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നടന്ന് പോകുന്നത് കണ്ടപ്പോള്‍ കാറില്‍ കയറ്റിയതാണ്. അതില്‍ ഒരു തെറ്റും കാണാനാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ന്യൂനപക്ഷ വിരുദ്ധമല്ല തന്റെ വാക്കുകളെന്ന് വെള്ളാപ്പള്ളി നടേശന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Content Highlights: Samastha AP faction against Vellapally - Pinarayi friendship