'ആക്രമണങ്ങളുടെ ഇടവേള കുറഞ്ഞുവരുന്നു'; ക്രൈസ്തവർക്കെതിരായ കയ്യേറ്റങ്ങളിൽ ആശങ്ക പങ്കുവെച്ച് സിറോ മലബാർ സഭ

ഭാരതത്തിലെ ക്രൈസ്തവർ ആശങ്കയിലാണെന്ന് സിറോ മലബാർ സഭ

'ആക്രമണങ്ങളുടെ ഇടവേള കുറഞ്ഞുവരുന്നു'; ക്രൈസ്തവർക്കെതിരായ കയ്യേറ്റങ്ങളിൽ ആശങ്ക പങ്കുവെച്ച് സിറോ മലബാർ സഭ
dot image

കൊച്ചി: രാജ്യത്ത് ക്രൈസ്തവർക്കും ക്രൈസ്തവ ആഘോഷങ്ങൾക്ക് നേരെയുമുണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സിറോ മലബാർ സഭ. ചില ഒറ്റതിരിഞ്ഞ സംഘർഷങ്ങൾ വർധിച്ചുവരുന്നു എന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഭാരതത്തിലെ ക്രൈസ്തവർ ആശങ്കയിലാണെന്നും സിറോ മലബാർ സഭ പിആർഒ ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു. രാജ്യത്തിന്റെ മതേതര മനസ്സ് നഷ്ടപ്പെടുന്നത് ജനാധിപത്യബോധമുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒറ്റപ്പെട്ട ആക്രമണങ്ങളുടെ ഫ്രീക്വൻസി കുറഞ്ഞുവരുകയാണ് എന്നും ഫാദർ ചൂണ്ടിക്കാട്ടി. ഇത് സഭയെ ആശങ്കപ്പെടുത്തുകയാണ്. ക്രിസ്മസ് ആഘോഷങ്ങളെ ചിലർ അസ്വസ്ഥതയോടെ കാണുകയാണ്. തങ്ങൾക്ക് പുറത്തുള്ള ആചാരങ്ങളെയും ശത്രുതയോടെ കാണുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് മതരാഷ്ട്രങ്ങളുടെ പട്ടികയിലേയ്ക്ക് ഇന്ത്യയെക്കൂടി ഉൾപ്പെടുത്താൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നും മത ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് സ്വസ്ഥമായി ജീവിക്കാൻ അവസരം ഉണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേതാക്കളുടെ വർഗീയപ്രചാരണങ്ങൾ നിയന്ത്രിക്കണമെന്നും ഫാദർ ആവശ്യപ്പെട്ടു. ഇതിന് ഭരണാധികാരികളുടെ ശക്തമായ ഇടപെടൽ ആവശ്യമാണ്. ക്രൈസ്തവരുടെ ശൈലി സമാധാന മാർഗത്തിൽ പ്രതിഷേധിക്കുക എന്നതാണ്. പീഡിപ്പിക്കപ്പെടുന്നിടത്ത് വർധിതവീര്യത്തോടെ ജീവിക്കാൻ ക്രൈസ്തവർ നിർബന്ധിതരാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യത്തെമ്പാടും ക്രൈസ്തവർക്കും ക്രിസ്മസ് ആഘോഷങ്ങൾക്കും നേരെ അക്രമണമുണ്ടായ സാഹചര്യത്തിലായിരുന്നു സിറോ മലബാർ സഭയുടെ പ്രതികരണം. ക്രിസ്മസ് കരോളുമായും മറ്റും വന്നവരെ കയ്യേറ്റം ചെയ്തും രൂപങ്ങളും മറ്റും തകർത്തുമെല്ലാമായിരുന്നു ആക്രമണം.

എന്നാൽ, സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അക്രമിച്ചവരെ തള്ളിപ്പറയുകയാണുണ്ടായത്. വട്ടുള്ള ചിലരാണ് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ നടത്തുന്നതെന്നും അതിന്റെ ഉത്തരവാദിത്തം ബിജെപിക്ക് ഇല്ലെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.

രാജ്യത്ത് എല്ലാവർക്കും സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കാനും ആഘോഷിക്കാനും ഭരണഘടനാപരമായ അവകാശമുണ്ട്. ആരെങ്കിലും ഭരണഘടനയ്ക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്താൽ അത് വിവാദമാക്കുകയല്ല. നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഞങ്ങളാണെങ്കിൽ നിയമനടപടി സ്വീകരിക്കുകയേ ചെയ്യൂ. അല്ലാതെ ടിവി കാമറയ്ക്ക് മുന്നിൽ പോയി വിവാദമാക്കാനല്ല ശ്രമിക്കുക. അതിനെ വിവാദമാക്കി ജനങ്ങൾക്കിടയിൽ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയല്ല വേണ്ടത് എന്നും രാജീവ് പറഞ്ഞിരുന്നു.

Content Highlights: syro malabar church against attack on christians

dot image
To advertise here,contact us
dot image