സിനിമയിൽ കണ്ടു,ജീവിതത്തിൽ യാഥാർത്ഥ്യമാക്കി;അപകടത്തിൽ പരിക്കേറ്റ യുവാവിന് നടുറോഡിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ബ്ലേഡും സ്ട്രോയുമാണ് ഡോക്ടർമാർ ഉപയോഗിച്ചത്

സിനിമയിൽ കണ്ടു,ജീവിതത്തിൽ യാഥാർത്ഥ്യമാക്കി;അപകടത്തിൽ പരിക്കേറ്റ യുവാവിന് നടുറോഡിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ
dot image

കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന് നടുറോഡിൽ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍. കൊച്ചി തൃപ്പൂണിത്തുറയ്ക്ക് സമീപം ഉദയംപേരൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു യുവാവിന് പരിക്കേറ്റത്. ഡോക്ടര്‍ ദമ്പതിമാരായ തോമസ് പീറ്റര്‍, ദിദിയ എന്നിവരും ഡോ. ബി മനൂപും ചേര്‍ന്നാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. സിനിമയില്‍ കണ്ട ശസ്ത്രക്രിയാ രീതി ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.

എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് തോമസ് പീറ്ററും ദിദിയയും. ഡോ. മനൂപ് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. കൊല്ലം പുന്നല സ്വദേശിയായ വിനു ഡെന്നിസി(40)ന്റെ ജീവനാണ് ഡോക്ടര്‍ സംഘം രക്ഷിച്ചത്. വിവാഹം കഴിഞ്ഞുള്ള ആദ്യ ക്രിസ്മസ് ആഘോഷിക്കാന്‍ തെക്കന്‍ പറവൂരിലെ സെയ്ന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളിയിലേക്കുള്ള യാത്രയിലായിരുന്നു തോമനും ദിദിയയും. ഇതിനിടെയാണ് അപകടം കാണുന്നത്. പരിക്കേറ്റയാളുടെ കഴുത്ത് ഒരാള്‍ പ്രത്യേക രീതിയില്‍ പിടിച്ച് പരിചരിക്കുന്നത് തോമസും ദിദിയയും ശ്രദ്ധിച്ചു. ഇതോടെ അയാള്‍ ഡോക്ടറാണെന്ന് ദമ്പതികള്‍ക്ക് മനസിലായി. തുടര്‍ന്ന് ദമ്പതികള്‍ അയാള്‍ക്കരികിലേക്ക് എത്തി.

അപകടത്തില്‍ വിനുവിന് പുറമേ രണ്ട് പേര്‍ക്കായിരുന്നു പരിക്കേറ്റത്. മറ്റ് രണ്ട് പേരുടെ പരിക്ക് സാരമായിരുന്നില്ല. വിനുവിന്റെ ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറി ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തി. ഇങ്ങനെയുള്ളയാള്‍ക്ക് എത്രയും പെട്ടെന്ന് ശ്വസിക്കാന്‍ അവസരമൊരുക്കുക എന്നതാണ് ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗം. ഇതോടെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു.

ഹോളിവുഡ് സിനിമയായ നോബഡി, തമിഴ് സിനിമയായ മെര്‍സല്‍, വെബ് സീരീസായ ഗുഡ് ഡോക്ടര്‍ തുടങ്ങിയവയില്‍ കണ്ട രംഗങ്ങളാണ് ഡോക്ടര്‍മാര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പരീക്ഷിച്ചത്. സ്ഥലത്ത് കൂടി നിന്നവരോട് ഗ്ലൗസും ബ്ലേഡും നല്‍കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഗ്ലൗസ് കിട്ടിയില്ല. തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് വിനുവിന്റെ കഴുത്തില്‍ ഒരു ദ്വാരമിട്ടു. അതിലൂടെ സ്‌ട്രോ തിരുകി ശ്വാസം നല്‍കി. സ്‌ട്രോ തിരുകിയതോടെ വിനു ശ്വാസമെടുക്കാന്‍ തുടങ്ങി. എന്നാല്‍ പേപ്പര്‍ സ്‌ട്രോ ആയിരുന്നതിനാല്‍ അത് രക്തത്തില്‍ കുതിരാന്‍ തുടങ്ങി. ഇതോടെ പേപ്പര്‍ സ്‌ട്രോ മാറ്റി പ്ലാസ്റ്റിക് സ്‌ട്രോ ഇട്ടു. ശ്വാസതടസം നീങ്ങിയപ്പോഴേക്കും ആംബുലന്‍സ് വന്നിരുന്നു. മനൂപാണ് വിനുവിനൊപ്പം ആബുലന്‍സില്‍ കയറിയത്. കൊച്ചിയിലെ ആശുപത്രിയില്‍ എത്തിക്കുംവരെ ആംബുലന്‍സില്‍ മനൂപ് വിനുവിന് സ്‌ട്രോയിലൂടെ ശ്വാസം നല്‍കി. നിലവില്‍ എറണാകുളത്തെ വെല്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് വിനു. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.

Content Highlights- Doctors save man's life who injured an accident in Kochi

dot image
To advertise here,contact us
dot image