വാളയാര്‍ ആള്‍ക്കൂട്ടക്കൊല: രാംനാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; 11 മണിയോടെ നാട്ടിലേക്ക് കൊണ്ടുപോകും

സംഭവത്തില്‍ പ്രദേശവാസികളായ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം ആക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: രാംനാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; 11 മണിയോടെ നാട്ടിലേക്ക് കൊണ്ടുപോകും
dot image

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ രാംനാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്ന് പുലര്‍ച്ചയോടെയാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പതിനൊന്ന് മണിക്കുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സര്‍ക്കാരാണ് യാത്രയുടെ ചെലവുകള്‍ വഹിക്കുന്നത്. രാംനാരായണന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇന്നലെ തീരുമാനമായിരുന്നു. മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം നഷ്ടപരിഹാരം കൈമാറും.

കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡി അപേക്ഷ അന്വേഷണസംഘം നാളെ സമര്‍പ്പിക്കും. സംഭവത്തില്‍ പ്രദേശവാസികളായ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം ആക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. എസ്‌ഐടി സംഘം അട്ടപ്പള്ളത്തെത്തി വീണ്ടും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കായി തമിഴ്‌നാട്ടിലും അന്വേഷണം നടക്കുന്നുണ്ട്.

കേസില്‍ അഞ്ച് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ അനു, പ്രസാദ്, മുരളി, ആനന്ദന്‍, ബിപിന്‍ എന്നിവരാണ് ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. ഇതില്‍ ഒന്നും രണ്ടും പ്രതികള്‍ രാംനാരായണന്റെ തലയിലും മുതുകിലും വടികൊണ്ടും കൈകൊണ്ടും അടിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളും രാംനാരായണനെ അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ക്രൂര മര്‍ദനത്തിനിരയായിരുന്നു രാംനാരായണന്റെ മര്‍ദനം. പ്രതികളില്‍ അനു, പ്രസാദ്, മുരളി, ബിപിന്‍ എന്നിവര്‍ക്ക് ബിജെപി ബന്ധമുള്ളതായി സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണ്. കേസില്‍ പതിനഞ്ചോളം പേര്‍ക്ക് പങ്കുള്ളതായി നേരത്തേ പൊലീസ് പറഞ്ഞിരുന്നു. ഇവര്‍ക്കായാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. 10 അംഗ എസ്ഐടി രൂപീകരിച്ചെന്ന് അജിത് കുമാര്‍ ഐപിഎസ് ഇന്നലെ പറഞ്ഞിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എസ്സി, എസ്ടി വകുപ്പ് ഉള്‍പ്പെടെ ചുമത്തും. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശിയായ രാംനാരായണ്‍ അതിക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി മരിക്കുന്നത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താനൊന്നും മോഷ്ടിച്ചില്ലെന്ന് രാംനാരായണ്‍ പറയുന്നുണ്ടെങ്കിയും സംഘം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. 'നീ ബംഗ്ലാദേശി ആണോടാ' എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സംഘം പകര്‍ത്തിയിരുന്നു.

ക്രൂരമര്‍ദനമേറ്റ് രാംനാരായണ്‍ നിലത്തുവീണുപോയിരുന്നു. മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാതെ നിലത്തുതന്നെ കിടന്നു. പൊലീസ് എത്തിയാണ് രാംനാരായണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കിടെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നോഴാണ് രാംനാരായണ്‍ അനുഭവിച്ച ക്രൂരതയുടെ ആഴം പുറംലോകമറിയുന്നത്. രാംനാരായണിന്റെ ശരീരത്തിലാകെ മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നെഞ്ചിലടക്കം ആഴത്തില്‍ മര്‍ദനമേറ്റു. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമായതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറും ഇക്കാര്യം വിശദീകരിച്ചിരുന്നു. രാംനാരായണിന്റെ ശരീരത്തില്‍ മര്‍ദനമേല്‍ക്കാത്ത ഒരു സ്ഥലം പോലും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ശരീരം മുഴുവന്‍ മൃഗീയമായ മര്‍ദനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു. ശരീരത്തില്‍ പലയിടങ്ങളില്‍ നിന്നുണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.

Content Highlights- Palakkad Mob Lynching: Ramnarayan's body handed over to family

dot image
To advertise here,contact us
dot image