ആഘോഷം കഴിഞ്ഞ് പെരുവഴിയിലാകില്ല: സർവ്വീസ് രാത്രി ഒരു മണിവരെ; സമയക്രമം നീട്ടാന്‍ മെട്രോയും വാട്ടർ മെട്രോയും

ഡിസംബർ അവസാനത്തോടെ പുതിയ സർവീസുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ

ആഘോഷം കഴിഞ്ഞ് പെരുവഴിയിലാകില്ല: സർവ്വീസ് രാത്രി ഒരു മണിവരെ; സമയക്രമം നീട്ടാന്‍ മെട്രോയും വാട്ടർ മെട്രോയും
dot image

കൊച്ചി: ഉത്സവ സീസൺ പ്രമാണിച്ച് സർവീസുകൾ കൂട്ടാനൊരുങ്ങി കൊച്ചി മെട്രോയും വാട്ടർ മെട്രോയും. കഴിഞ്ഞ ഉത്സവ സീസണിൽ ലഭിച്ച ഉയർന്ന യാത്രക്കാരുടെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡിസംബർ അവസാനത്തോടെ പുതിയ സർവീസുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അവധിക്കാല യാത്രക്കാരെയും പുതിയ സർവീസുകൾ ലക്ഷ്യംവയ്ക്കുന്നുണ്ട്.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മെട്രോ സർവീസ് അർധരാത്രി വരെ നീട്ടും. ആലുവ, എസ്എൻ ജംങ്ഷൻ എന്നീ രണ്ട് ടെർമിനലുകളിലേക്കും ഇടപ്പള്ളിയിൽ നിന്ന് രാത്രി ഒരു മണി വരെ മെട്രോ സർവീസ് ഉണ്ടായിരിക്കും. പുതുവത്സര ആഘോഷത്തിന് ശേഷം ആളുകൾ സുരക്ഷിതരായി വീട്ടിലെത്തുന്നു എന്ന് ഉറപ്പുവരുത്താനാണ് സർവീസ് അർധരാത്രി വരെ നീട്ടുന്നതെന്ന് അധികൃതർ അറിയിച്ചു.

ഉത്സവ സീസണിൽ റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരെ ഗതാഗതക്കുരുക്ക് ബാധിക്കാതിരിക്കാനുമാണ് സർവീസിൽ മാറ്റം വരുത്താൻ തീരുമാനിച്ചത് എന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു. പുതുക്കിയ സമയക്രമവും മറ്റ് മാറ്റങ്ങളുടെ വിശദാംശവും കെഎംആർഎലിന്റെ വെബ്‌സൈറ്റിൽ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ക്രിസ്മസും പുതുവത്സരവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾക്കാണ് കൊച്ചി സാക്ഷ്യം വഹിക്കുക. വിനോദസഞ്ചാരികൾക്കും രാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇറങ്ങുന്നവർക്കും പുതിയ തീരുമാനം സഹായകമാകും എന്നാണ് കരുതുന്നത്. കഴിഞ്ഞ ഡിസംബറിൽ കൊച്ചി മെട്രോ റെക്കോർഡ് വരുമാനം നേടിയിരുന്നു, 32.35 ലക്ഷം യാത്രക്കാരാണ് ഡിസംബർ മാസത്തിൽ മാത്രം മെട്രോ സർവീസ് ഉപയോഗിച്ചത്. 10.15 കോടി രൂപയുടെ വരുമാനവും ഉണ്ടായിരുന്നു.

കഴിഞ്ഞ പുതുവത്സര ദിനത്തിൽ മാത്രം 1.3 ലക്ഷം ആളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. 2023 ഡിസംബറിൽ പ്രതിമാസം 29.59 ലക്ഷം ആളുകളാണ് മെട്രോ സർവീസ് ഉപയോഗിച്ചത്. ആ മാസം 9.25 കോടി രൂപ വരുമാനം നേടി.

കഴിഞ്ഞ രണ്ട് വർഷങ്ങളായി ഡിസംബർ മാസത്തിൽ വാട്ടർ മെട്രോ യാത്രക്കാരുടെ എണ്ണം വർധിച്ചതായി മെട്രോ അധികൃതർ പറയുന്നു. ഹൈക്കോടതി- ഫോർട്ട് കൊച്ചി ഭാഗങ്ങളിലുള്ള വാട്ടർ മെട്രോ സർവീസുകൾ ഉയർത്താനും പദ്ധതിയുണ്ടെന്ന് കെഡബ്ല്യുഎംഎൽ അറിയിച്ചിരുന്നു. ഈ റൂട്ടിലെ യാത്രക്കാരുടെ എണ്ണം സ്ഥിരമായി വർധിച്ചതോടെയാണ് തീരുമാനം. നിലവിൽ വാട്ടർ മെട്രോ ഒരു ദിവസം 30 സർവീസുകളാണ് നടത്തുന്നത്. രാത്രി 8.10നാണ് അവസാന സർവീസ്. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ സമയം നീട്ടാനും ആലോചനയുണ്ടെന്ന് അധികൃതർ അറിയിച്ചു.

Content Highlight; Kochi Metro and Water Metro will increase services during the festive season to accommodate higher passenger demand

dot image
To advertise here,contact us
dot image