

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരം ശ്രീനിവാസന്റെ വേര്‍പാട് കേരളക്കരയെ ഒന്നാകെ കണ്ണീരിലാക്കിയിരിക്കുകയാണ്. ശ്രീനിവാസന്റെ വിയോഗ വാര്‍ത്ത പുറത്ത് വരുമ്പോള്‍ കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്കുള്ള ഒരു യാത്രയിലായിരുന്നു മകന്‍ വിനീത് ശ്രീനിവാസന്‍. മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികള്‍ക്കുവേണ്ടിയുള്ള യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയിരുന്നു അദ്ദേഹം. വാർത്ത അറിഞ്ഞ ഉടന്‍ അദ്ദേഹം ആശുപത്രിയിലേക്ക് തിരിച്ചു.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ശ്രീനിവാസന്റെ വിയോഗം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെക്കും. വൈകീട്ട് മൂന്നുവരെ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാം. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പില്‍.
അതേസമയം, ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടേയുള്ള പ്രമുഖർ രംഗത്ത് വന്നു. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ വേറെ അധികമില്ല. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'താന്‍ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമര്‍ശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാവിധം മാറ്റുന്നതിന് ശ്രീനിവാസന്‍ പ്രയത്‌നിച്ചു. തന്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് ശ്രീനിവാസന്‍' - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlight; Vineeth Sreenivasan was unaware of his father’s demise while he was on a trip to Chennai