

മലയാള സിനിമയില്‍ ഒരുപാട് സൗഹൃദ വലയമുള്ളയാളാണ് ശ്രീനിവാസന്‍. സമകാലികരോടൊപ്പം എപ്പോഴും മികച്ച ബന്ധം പുലര്‍ത്തിയ ശ്രീനിവാസന്‍ അവരോടൊപ്പമുള്ള നല്ല ഓര്‍മകള്‍ പല വേദികളിലും പങ്കുവെക്കാറുമുണ്ട്. അത്തരത്തില്‍ ഒരിക്കല്‍ തന്‍റെ വിവാഹക്കാര്യവും ശ്രീനിവാസന്‍ പങ്കുവെച്ചിട്ടുണ്ട്. വിമല ശ്രീനിവാസനുമായുള്ള വിവാഹത്തിന് താലിക്കുള്ള പണം മമ്മൂട്ടിയുടെ കയ്യില്‍ നിന്ന് വാങ്ങിയ വിവരമാണ് ഒരിക്കല്‍ സ്വകാര്യ ചാനലിലൂടെ ശ്രീനിവാസന്‍ പങ്കുവെച്ചത്.
ശ്രീനിവാസന്‍ താലി വാങ്ങിക്കൊണ്ടുവന്നപ്പോള്‍ പണമെവിടെ നിന്നാണെന്ന് വിമല ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ കയ്യില്‍ നിന്ന് ലഭിച്ചതെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. 'മമ്മൂക്കയുടെ പടം അന്ന് കണ്ണൂരില്‍ വെച്ച് ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ മമ്മൂട്ടി തന്നതാണെന്നാണ് എന്നോട് പറഞ്ഞത്', എന്നാണ് വിമല പറയുന്നത്. തുടര്‍ന്ന് ആ കഥ വിവരിക്കുകയായിരുന്നു ശ്രീനിവാസന്‍.

എന്നാല്‍ മമ്മൂട്ടിയോട് വിവാഹത്തിന് വരണ്ട എന്ന് ശ്രീനിവാസന്‍ പറഞ്ഞതും അദ്ദേഹം തന്നെ രസകരമായി പങ്കുവെക്കുന്നുണ്ട്. 'അവിടെ ആളുകള്‍ കൂടിയാല്‍ ഒരുപാട് പേര്‍ എന്നെ കാണും. കല്യാണം കലങ്ങും (മുടങ്ങും). മമ്മൂട്ടിയെ ആളുകള്‍ക്ക് അറിയാം. എന്നെ അന്ന് ആളുകള്‍ക്ക് അറിയില്ല. ഞാന്‍ വേണ്ടേയെന്ന് മമ്മൂട്ടി ചോദിച്ചു. ദയവു ചെയ്ത് വരരുത് എന്ന് പറഞ്ഞു', ശ്രീനിവാസന്‍ പറഞ്ഞു.

ആലപ്പുഴ അഷറഫിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ഒരു മാടപ്രാവിന്റെ കഥയെന്ന പടത്തില്‍ മമ്മൂട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്തത കാര്യവും അദ്ദേഹം പങ്കുവെച്ചു. 'ഞാന്‍ അന്ന് മദ്രാസിലാണ്. മമ്മൂട്ടി മദ്രാസിലെത്തിയപ്പോള്‍ എന്നെ വന്ന് കണ്ട് ആ പടത്തില്‍ ഡബ്ബ് ചെയ്തില്ലേയെന്ന് ചോദിച്ചു. അത് വലിയൊരു ചതിയായിരുന്നുവെന്നും പറഞ്ഞു. എനിക്ക് കുറേ കാശ് കിട്ടാനുണ്ടായിരുന്നു, അത് തരാതിരിക്കാന്‍ വേണ്ടിയാണ് നിന്നെ കൊണ്ട് ചെയ്യിപ്പിച്ചതെന്നും മമ്മൂട്ടി പറഞ്ഞു', എന്നായിരുന്നു ആ കഥ ശ്രീനിവാസന്‍ ഓര്‍ത്തെടുത്തത്.
അതേസമയം, ശ്രീനിവാസന്‍റെ സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടില്‍ നടക്കും. ഇന്ന് രാവിലെ ഡയാലിസിനായി കൊണ്ടുപോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30 ഓടെയാണ് അന്ത്യം. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Mammootty give money for Sreenivasan wedding