തോഷഖാന അഴിമതിയിലെ രണ്ടാമത്തെ കേസ്; ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവ് ശിക്ഷ

ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ വിവിധ രാജ്യങ്ങളില്‍ നിന്നു ലഭിച്ച സമ്മാനങ്ങള്‍ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടാണ് ഇരുകേസുകളും

തോഷഖാന അഴിമതിയിലെ രണ്ടാമത്തെ കേസ്; ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവ് ശിക്ഷ
dot image

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 17 വര്‍ഷം തടവ് ശിക്ഷ. തോഷഖാന അഴിമതിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് നടപടി.പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെ അതീവ സുരക്ഷാ അഡിയാല ജയിലില്‍ പ്രത്യേക കോടതി ജഡ്ജി ഷാറൂഖ് അര്‍ജുമന്റാണ് വിധി പ്രസ്താവിച്ചത്.

ഇമ്രാന്‍ ഖാനും ബുഷ്റയും പാകിസ്ഥാന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 409 പ്രകാരം 10 വര്‍ഷം കഠിന തടവും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം തടവുമാണ് വിധിച്ചത്. ഇരുവര്‍ക്കും 10 മില്ല്യണ്‍ പിഴയും വിധിച്ചു.

തോഷഖാന അഴിമതിയുമായി ബന്ധപ്പെട്ട ആദ്യത്തെ കേസില്‍ ഇരുവര്‍ക്കും കോടതി 14 വര്‍ഷം കഠിനതടവ് വിധിച്ചിരുന്നു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ വിവിധ രാജ്യങ്ങളില്‍ നിന്നു ലഭിച്ച സമ്മാനങ്ങള്‍ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടാണ് ഇരുകേസുകളും.

പാകിസ്താനില്‍ 1974ല്‍ സ്ഥാപിതമായ തോഷഖാന വകുപ്പാണ് ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് വിലകൂടിയ വസ്തുക്കളും സംഭരിക്കുന്നത്. ഇതില്‍ ഇളവുള്ളത് പാക് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മാത്രമാണ്. 30,000 പാകിസ്താനി രൂപയ്ക്ക് താഴെ വിലയുള്ള സമ്മാനങ്ങള്‍ ഇവര്‍ക്ക് സൂക്ഷിക്കാം. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ സ്വന്തം നിലയ്ക്ക് വിറ്റ് പണമാക്കി എന്നതാണ് ഇമ്രാന്‍ ഖാന്റെ പേരിലുള്ള കേസ്.

അതിനിടെ ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും സഹോദരി ജയില്‍ സന്ദര്‍ശനത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തോടെ അതെല്ലാം അവസാനിച്ചു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും എന്നാല്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്നുമായിരുന്നു സഹോദരി പ്രതികരിച്ചത്.

Content Highlights: Imran Khan and wife sentenced to 17 years in toshakhana case

dot image
To advertise here,contact us
dot image