

കൊച്ചി: എലപ്പുള്ളി ബ്രൂവറിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി. സർക്കാർ അനുമതി നടപടിക്രമങ്ങൾക്ക് വിരുദ്ധമെന്നും കോടതി വ്യക്തമാക്കി. നടപടിക്രമങ്ങൾ പാലിച്ച് പുതിയ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നായിരുന്നു നേരത്തെ പദ്ധതിക്കെതിരെ ഉയർന്ന പ്രധാനവിമർശനം. ജലക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് ബ്രൂവറി വരുന്നതുമായി ബന്ധപ്പെട്ടാണ് ഒയാസിസ് കമ്പനിക്കെതിരെ പ്രതിഷേധം ഉയർന്നത്. ബ്രൂവറി നിർമ്മിക്കുന്നതിനായി എലപ്പുള്ളിയിൽ 26 ഏക്കർ സ്ഥലമാണ് ഒയാസിസ് കമ്പനി വാങ്ങിയത്. ജലക്ഷാമം ചൂണ്ടിക്കാണിച്ച് പദ്ധതിക്കെതിരെ നാട്ടുകാർ രംഗത്ത് വന്നതോടെയാണ് വിഷയം വിവാദമായി മാറിയത്. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് പദ്ധതി അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ഇതിന് പിന്നാലെ പദ്ധതിക്കെതിരെ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി രംഗത്ത് വന്നിരുന്നു. പദ്ധതിക്കെതിരെ പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭകളും ചേർന്നിരുന്നു.
ഇടതുമുന്നണിയിലും ബ്രൂവറി വിഷയം അഭിപ്രായ ഭിന്നതകൾക്ക് വഴിതെളിച്ചിരുന്നു. എലപ്പുള്ളി ബ്രൂവറി പ്രാബല്യത്തിൽ വരുന്നതിൽ ശക്തമായ എതിർപ്പ് സിപിഐയും ആർജെഡിയും അറിയിച്ചിരുന്നു. പദ്ധതി നിഗൂഢമാണെന്നായിരുന്നു സിപിഐ നേതാവ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. എക്സൈസും കമ്പനിയും കുടിവെള്ള പ്രശ്നം ഉണ്ടാകില്ലെന്ന് പറഞ്ഞത് തെറ്റാണെന്നും സിപിഐ ബ്രൂവറി നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രാഥമിക പഠനം നടത്തി എന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. പഠനത്തിൽ എലപ്പുള്ളി പ്രദേശത്ത് കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന് സിപിഐ മനസ്സിലാക്കി എന്നും ബിനോയ് വിശ്വം വെളിപ്പെടുത്തിയിരുന്നു. ഒപ്പം മുന്നണിയിൽ ചർച്ച ചെയ്യാതെ എങ്ങനെയാണ് ഇത്തരമൊരു വലിയ വിഷയത്തിന് സർക്കാരിന് അനുമതി നൽകാൻ കഴിയുക എന്നും ബിനോയ് വിശ്വം ചോദിച്ചിരുന്നു. ഇതിന് പിന്നാലെ എൽഡിഎഫ് യോഗം ചേരുകയും ബ്രൂവറി നിർമ്മാണവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയുമായിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബ്രൂവറി സമരം നടന്ന എലപ്പുള്ളി, പുതുശ്ശേരി പഞ്ചായത്തുകളിൽ എൽഡിഎഫ് തിളക്കമുള്ള വിജയം നേടിയിരുന്നു. ബ്രൂവറിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെല്ലാം തകർന്നതായി സിപിഐഎം വ്യക്തമാക്കിയിരുന്നു. വികസനമാണ് ജനങ്ങളുടെ മനസ്സിലെന്നും അതിൻ്റെ തെളിവാണ് ഇടതുപക്ഷത്തിൻ്റെ മിന്നും ജയമെന്നുമായിരുന്നു സിപിഐഎം പുതുശ്ശേരി ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരിയുടെ പ്രതികരണം. കോൺഗ്രസ് ഭരിച്ചിരുന്ന എലപ്പുള്ളി പഞ്ചായത്തിലും സിപിഐഎമ്മിന് ഭരണമുണ്ടായിരുന്ന പുതുശ്ശേരിയിലും തെരഞ്ഞെടുപ്പിലെ പ്രധാനവിഷയം എലപ്പുള്ളി ബ്രൂവറിയായിരുന്നു.
Content Highlights: Government suffers setback in Elappully Brewery High Court cancels permission given to Oasis Company