'ഇടുക്കിയിലെ സിപിഐ മാഫിയയുടെ പിടിയിൽ': മുതിർന്ന നേതാവ് കെ കെ ശിവരാമൻ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു

ഇടുക്കി ജില്ലയിൽ സിപിഐ തകർന്നെന്നും കെ കെ ശിവരാമൻ തുറന്നടിച്ചു

'ഇടുക്കിയിലെ സിപിഐ മാഫിയയുടെ പിടിയിൽ': മുതിർന്ന നേതാവ് കെ കെ ശിവരാമൻ  സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു
dot image

ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ നേതൃത്വവുമായി യോജിച്ച് പോകാൻ കഴിയില്ലെന്നും സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചുവെന്നും മുതിർന്ന നേതാവ് കെ കെ ശിവരാമൻ. ഇനി സാധാരണ പാർട്ടി പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷിപ്ത താൽപ്പര്യങ്ങളാണ് ഇടുക്കിയിലെ പാർട്ടിയെ നയിക്കുന്നതെന്നും ഇടുക്കിയിലെ സിപിഐയിൽ കുറെ കാലമായി വിമർശനവും സ്വയം വിമർശനവും ഇല്ലായെന്നും കെ കെ ശിവരാമൻ കുറ്റപ്പെടുത്തി. ഇടുക്കി ജില്ലയിൽ സിപിഐ തകർന്നെന്നും കെ കെ ശിവരാമൻ തുറന്നടിച്ചു.

സിപിഐ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളോട് നൂറ് ശതമാനം സത്യസന്ധത പുലർത്തിയാണ് ഇക്കാലയളവിൽ പ്രവർത്തിച്ചതെന്ന് തീരുമാനം അറിയിച്ചു കൊണ്ട് കെ കെ ശിവരാമൻ വ്യക്തമാക്കി. ഇടുക്കി ജില്ലയിൽ മണ്ണ്, മണൽ, ഭൂമാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്നും പല സിപിഐ നേതാക്കളും അതിനോട് ഒട്ടിച്ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇടുക്കിയിലെ സിപിഐയുടെ വർത്തമാനകാല രാഷ്ട്രീയത്തിൽ തനിക്ക് ഒരു ഇടമില്ലെന്ന് മനസ്സാലായി. അതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒരു സുപ്രഭാതത്തിൽ കൈകൊണ്ട പ്രകോപനപരമായ തീരുമാനമല്ലെന്നും കെ കെ ശിവരാമൻ വ്യക്തമാക്കി.

സജീവ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചുവെങ്കിലും പാർട്ടി അനുവദിക്കുമെങ്കിൽ ഒരു സാധാരണ പാർട്ടി പ്രവർത്തകനായി തുടരുമെന്നും കെ കെ ശിവരാമൻ പറഞ്ഞു. പുറത്താക്കാനാണ് പാർട്ടി തീരുമാനമെങ്കിലും കമ്മ്യൂണിസ്റ്റായി തുടരും. കമ്മ്യൂണിസ്റ്റുകാരനാക്കുന്നത് പാർട്ടിയിലെ സ്ഥാനമല്ലെന്നും അയാളുടെ ജീവിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നാലപതിറ്റാണ്ട് നീണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള സിപിഐ നേതാവാണ് കെ കെ ശിവരാമൻ. കഴിഞ്ഞ കുറച്ച് കാലങ്ങളായി സിപിഐ ജില്ലാ നേതൃത്വവുമായി കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്നു ശിവരാമൻ. സിപിഐ ജില്ലാ സെക്രട്ടറി കെ എ സലീം കുമാറിനോടുള്ള അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്ന പരോക്ഷ സൂചനയും ശിവരാമൻ നൽകിയിട്ടുണ്ട്. പാല് കൊടുത്ത കൈയ്ക്ക് തന്നെ തിരിഞ്ഞ് കൊത്തിയെന്ന ശിവരാമൻ്റെ പ്രതികരണം ജില്ലാ സെക്രട്ടറിയെ ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജില്ലയിലെ സിപിഐ നേതൃത്വം മണ്ണ് മണൽ മാഫിയയ്ക്ക് ഒപ്പമാണെന്നും സാധാരണ ജനയ്ക്കൊപ്പമല്ല പ്രവർത്തിക്കുന്നതെന്നും ആരോപിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കെ കെ ശിവരാമൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇനിയും തിരുത്താൻ തയ്യാറായില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വലിയ പരാജയം പാർട്ടി ഏറ്റുവാങ്ങേണ്ടി വരുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ശിവരാമൻ ചൂണ്ടിക്കാണിച്ചിരുന്നു. മുൻ സംസ്ഥാന സെക്രട്ടറിമാർ ഉള്ളപ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴെന്ന ശിവരാമൻ്റെ നിലപാട് ബിനോയ് വിശ്വത്തോടുള്ള അതൃപ്തിയായും വിലയിരുത്തപ്പെടുന്നുണ്ട്.

15 വർഷത്തോളം സിപിഐ ജില്ലാ സെക്രട്ടറിയായിരുന്നു കെ കെ ശിവരാമൻ. ഇടുക്കി ജില്ലയിലെ എൽഡിഎഫ് കൺവീനറായും പ്രവർത്തിച്ചു. ഇടുക്കി ജില്ലയിലെ സിപിഐഎം നേതൃത്വത്തോട് പരസ്യമായി കൊമ്പുകോർക്കാൻ മടികാണിക്കാത്ത നേതാവ് കൂടിയായിരുന്നു ശിവരാമൻ. മന്ത്രിയായിരിക്കുമ്പോൾ എം എം മണിയുമായി ശിവരാമൻ നടത്തിയ പരസ്യ തർക്കങ്ങൾ ഇടതുമുന്നണിയിൽ തന്നെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Content Highlights: Senior CPI leader K K Sivaraman has stopped Active Political Activities

dot image
To advertise here,contact us
dot image