

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായുള്ള സമവായത്തിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രിയുടെ നിലപാടിനെ പാര്‍ട്ടി ഐക്യകണ്‌ഠേന അംഗീകരിച്ചു. വിസി നിയമനത്തില്‍ ഭിന്നതയില്ലെന്നും അഭിപ്രായ വ്യത്യാസമുണ്ടെന്ന് പ്രചരിച്ചത് മാധ്യമങ്ങളാണെന്നും സെക്രട്ടറിയേറ്റ് വിശദീകരിച്ചു. കള്ളപ്രചാര വേലകളെ തള്ളിക്കളയണമെന്നും സമവായത്തിന് മുന്‍കൈയെടുത്തത് ഗവര്‍ണറാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കേരള ഡിജിറ്റല്‍ സര്‍വകലാശാല, കേരള സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലെ താല്‍ക്കാലിക വിസി നിയമനത്തിന് സര്‍ക്കാരിന്റെ അഭിപ്രായം ചാന്‍സലറായ ഗവര്‍ണര്‍ തേടേണ്ടതാണെന്ന് ഈ സര്‍വകലാശാലകളിലെ ആക്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് പരിഗണിക്കാതെ ഏകപക്ഷീയമായി താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ നിയമിക്കുകയാണ് ചെയ്തത്. നിയമവിരുദ്ധമായ ഈ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും സര്‍ക്കാര്‍ നിലപാടിനെ അംഗീകരിച്ചു. ഇതിനെതിരെ ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നുവെന്ന് സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നിലവിലുള്ള നിയമമനുസരിച്ച് സ്ഥിരം വിസിയെ നിയമിക്കാനുള്ള പൂര്‍ണ്ണമായ അധികാരം ചാന്‍സലര്‍ക്കാണ്. എന്നാല്‍, സുപ്രീംകോടതി സമവായമുണ്ടാക്കാന്‍ ഗവര്‍ണറോടും, സര്‍ക്കാരിനോടും നിര്‍ദേശിച്ചു. വൈസ് ചാന്‍സിലര്‍മാരെ തീരുമാനിക്കാനുള്ള പാനല്‍ തയ്യാറാക്കുന്നതിന് സുപ്രീംകോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് അദ്ധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റിയും സുപ്രീംകോടതി നിശ്ചയിച്ചു. ഈ കമ്മിറ്റി മൂന്ന് അംഗ പട്ടികകള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇതില്‍ കോടതി നിര്‍ദേശ പ്രകാരം മുന്‍ഗണനാക്രമം നിശ്ചയിച്ച് മുഖ്യമന്ത്രി ചാന്‍സിലറായ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. എന്നാല്‍, ഗവര്‍ണര്‍ ഇത് അംഗീകരിക്കാതെ വിയോജിപ്പ് രേഖപ്പെടുത്തി മറ്റ് രണ്ട് പേരുകള്‍ സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ചു. ഗവര്‍ണറും, മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ സമവായമുണ്ടാക്കണമെന്ന് സുപ്രീംകോടതി വീണ്ടും ആവശ്യപ്പെട്ടു. ആദ്യം സമവായത്തിന് തയ്യാറാവാതിരുന്ന ഗവര്‍ണര്‍ കോടതി നിലപാട് കടുപ്പിച്ചതോടെ മുഖ്യമന്ത്രിയെ വിളിച്ച് സമവായത്തിലെത്തുകയായിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ളതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയാണ് ചെയ്തതെന്നും അതിനെ ചില മാധ്യമങ്ങള്‍ സെക്രട്ടറിയേറ്റില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പ്രചരിപ്പിക്കുകയാണ് ചെയ്‌തെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് വഴങ്ങിയെന്നായിരുന്നു ഉയർന്ന വിമർശനം. സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നതായി വാർത്തകളുണ്ടായിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയത്.
Content Highlights- CPIM state secretariat support to cm pinarayi vijayan over his stand on vc appointment