'ഗുജറാത്തിലും തമിഴ്‌നാട്ടിലും പുറത്തായത് അരകോടിയിലധികം വോട്ടര്‍മാര്‍'; എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു

തമിഴ്‌നാട്ടില്‍ നിന്നും 97.73 ലക്ഷം പേരുകളും ഗുജറാത്തില്‍ നിന്ന് 73. 7 ലക്ഷം പേരുകളുമാണ് നീക്കം ചെയ്തത്

'ഗുജറാത്തിലും തമിഴ്‌നാട്ടിലും പുറത്തായത് അരകോടിയിലധികം വോട്ടര്‍മാര്‍'; എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു
dot image

ന്യൂഡല്‍ഹി: ഗുജറാത്തിലെയും തമിഴ്‌നാട്ടിലെയും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇരു സംസ്ഥാനങ്ങളില്‍ നിന്നും അരക്കോടിയിലധികം പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. തമിഴ്‌നാട്ടില്‍ നിന്നും 97.73 ലക്ഷം പേരുകളും ഗുജറാത്തില്‍ നിന്ന് 73. 7 ലക്ഷം പേരുകളുമാണ് നീക്കം ചെയ്തത്.

കരട് പട്ടികയില്‍ 5.43 കോടി വോട്ടര്‍മാരാണ് തമിഴ്‌നാട്ടിലുള്ളത്. നേരത്തെ 6.14 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. നീക്കം ചെയ്തതില്‍ നിന്ന് 26. 94 ലക്ഷം പേര്‍ മരിച്ചവരാണെന്ന് തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അര്‍ച്ചന പട്‌നായിക് അറിയിച്ചു. 3.4 ലക്ഷം പേരുകള്‍ ഇരട്ട വോട്ടുള്ളവരും 66.44 ലക്ഷം പേര്‍ കണ്ടെത്താനാകാത്തവരുമാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കുന്നത്.

അതേസമയം പുതിയ പട്ടികയില്‍ 4.34 കോടി വോട്ടര്‍മാരാണ് ഗുജറാത്തില്‍ ഉള്ളത്. എസ്‌ഐആര്‍ നടപടി തുടങ്ങുന്ന ഒക്ടോബര്‍ 27ന് മുമ്പുള്ള പട്ടികയില്‍ അഞ്ച് കോടി വോട്ടര്‍മാര്‍ ഉണ്ടായിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഹരീത് ശുക്ല പറഞ്ഞു. 'നീക്കം ചെയ്ത 73,73,327 വോട്ടര്‍മാരില്‍, 18,07,278 വോട്ടര്‍മാര്‍ മരിച്ചവരും 40,25,553 വോട്ടര്‍മാര്‍ സ്ഥിരമായി മാറിയവരും 9,69,662 വോട്ടര്‍മാര്‍ കണ്ടെത്താനാകാത്തവരും 3,81,470 ഇരട്ട വോട്ടുകളും 1,89,364 പേര്‍ മറ്റുകാരണങ്ങളാലും പുറത്തായി', എന്നാണ് ഹരീത് ശുക്ല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഗുജറാത്തില്‍ പേരുകള്‍ ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് അടുത്ത വര്‍ഷം ജനുവരി 18 വരെ അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കാവുന്നതാണ്. ഫെബ്രുവരി 10 വരെ എല്ലാ വാദങ്ങളും എതിര്‍പ്പുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. ആശങ്കയുള്ള വോട്ടര്‍മാരെ കേള്‍ക്കും. ഫെബ്രുവരി 17ന് അന്തിമ എസ്‌ഐആര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലും എല്ലാ പോളിങ് സ്‌റ്റേഷനുകളിലും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: Gujarat and Tamilnadu published SIR voter list draft

dot image
To advertise here,contact us
dot image