ഇന്ന് നി‍ർണായകം;ആദ്യ ബലാത്സംഗക്കേസിൽ രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

രാഹുലിനെതിരായ ബലാത്സംഗംക്കുറ്റം നിലനില്‍ക്കുമെന്നും മതിയായ തെളിവുണ്ടെന്നുമാണ് പൊലീസിന്റെ വാദം

ഇന്ന് നി‍ർണായകം;ആദ്യ ബലാത്സംഗക്കേസിൽ രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
dot image

കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വാദം കേള്‍ക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രൊസിക്യൂഷന്‍ നിലപാട് അറിയിക്കും. രാഹുലിനെതിരായ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്നും മതിയായ തെളിവുണ്ടെന്നുമാണ് പൊലീസിന്റെ വാദം.

നേരത്തെ രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം അഡീഷണല്‍ പ്രിൻസിപ്പൽ സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ രണ്ടാഴ്ചയോളം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത് വന്നിരുന്നു. കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയാണ് 15 ദിവസത്തെ ഒളിവ് ജീവിതം രാഹുൽ മാങ്കൂട്ടത്തിൽ അവസാനിപ്പിച്ചത്. രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയത്. എംഎല്‍എ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിന് മുന്നില്‍ സിപിഐഎം, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. പൊലീസിനാണ് ആദ്യം പരാതി നല്‍കേണ്ടതെന്നും രാഹുല്‍ ഹർജിയിൽ പരാമർശിച്ചിരുന്നു. പരാതിക്കാരിയുടെ എല്ലാ ആക്ഷേപങ്ങളിലും തനിക്ക് മറുപടിയുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയ്യാറാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും രാഹുൽ ഹ‍ർജിയിൽ പറഞ്ഞിരുന്നു.

ഇതിനിടെ രണ്ടാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് തിരുവനന്തപുരം അഡീഷണല്‍ പ്രിൻസിപ്പൽ സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണണെന്നാണ് നിർദേശം. രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സം​ഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Content Highlight : High Court to consider Rahul Mamkootathil's anticipatory bail plea today

dot image
To advertise here,contact us
dot image