പാട്ടിനെ പേടിക്കുന്ന ദുർബലമായ പാർട്ടിയായി സിപിഐഎം മാറിയോ?വികാരം വ്രണപ്പെടാൻ സാധ്യത കട്ടവർക്ക്:പി സി വിഷ്ണുനാഥ്

പാരഡി പാട്ടിനെതിരെ പരാതിയുമായി പോകുന്നത് കോമഡിയാണെന്നും ഇന്നലെ വരെ ആവിഷ്‌കാര സ്വാതന്ത്ര്യം പറഞ്ഞവരാണ് കേസ് കൊടുക്കുന്നതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു

പാട്ടിനെ പേടിക്കുന്ന ദുർബലമായ പാർട്ടിയായി സിപിഐഎം മാറിയോ?വികാരം വ്രണപ്പെടാൻ സാധ്യത കട്ടവർക്ക്:പി സി വിഷ്ണുനാഥ്
dot image

തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരായ കേസില്‍ പ്രതികരണവുമായി കുണ്ടറ എംഎല്‍എയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ പി സി വിഷ്ണുനാഥ്. പാട്ടിനെ പേടിക്കുന്ന ദുര്‍ബലമായ പാര്‍ട്ടിയായി സിപിഐഎം മാറിയോ എന്ന് പി സി വിഷ്ണുനാഥ് ചോദിച്ചു. പാരഡി പാട്ടിനെതിരെ പരാതിയുമായി പോകുന്നത് കോമഡിയാണെന്നും ഇന്നലെ വരെ ആവിഷ്‌കാര സ്വാതന്ത്ര്യം പറഞ്ഞവരാണ് കേസ് കൊടുക്കുന്നതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. വികാരം വ്രണപ്പെടാന്‍ സാധ്യത ഉളളത് കട്ടവര്‍ക്ക് മാത്രമാണെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്ത് ജനങ്ങള്‍ക്ക് മുന്നില്‍ സ്വയം പരിഹാസ്യരാകരുതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഒരു പാട്ടിനെ പേടിക്കുന്ന അത്ര ദുര്‍ബലമായ പാര്‍ട്ടിയായി സിപിഐഎം മാറിക്കഴിഞ്ഞോ? കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ എത്രയോ പാട്ടും പാരഡി പാട്ടുമൊക്കെ വന്നിരിക്കുന്നു. ആ പാട്ടുകള്‍ക്കെതിരെ ആരെങ്കിലും പരാതിയുമായി പോയിട്ടുണ്ടോ? കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ പാട്ട് സമാനമായ രീതിയില്‍ നാദിര്‍ഷായും കലാഭവന്‍ മണിയും പാരഡിയാക്കി പാടിയത് ഞാന്‍ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പാരഡിയൊക്കെ വരാറുണ്ട്. ഒരു പാരഡി പാട്ടിനെതിരെ പരാതിയുമായി പോകുന്നത് പാരഡിയേക്കാള്‍ കോമഡിയാണ്. ആ കോമഡിയിലേക്കാണ് സിപിഐഎം എത്തിയിരിക്കുന്നത്. ഇന്നലെ വരെയും ആവിഷ്‌കാര സ്വാതന്ത്രത്തിന് വേണ്ടി മുറവിളി കൂട്ടിയവരാണ്. എന്നിട്ട് ഒരു പാട്ട് ഞങ്ങളെ പേടിപ്പിക്കുന്നേ എന്ന് പറഞ്ഞ് പൊലീസിലേക്കും തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും പോവുക. ആ അവസ്ഥ ദയനീയമാണ്. സഹതാപം അര്‍ഹിക്കുന്നതാണ്': പി സി വിഷ്ണുനാഥ് പറഞ്ഞു.

 പോറ്റിയേ കേറ്റിയെ എന്ന പാരഡി ഗാനം വിവാദമാക്കേണ്ട കാര്യമില്ലെന്ന് അതിന്റെ ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുളളയും വ്യക്തമാക്കിയിരുന്നു. അയ്യപ്പ ഭക്തരുടെ ദുഃഖം മാത്രമാണ് പാട്ടിലൂടെ പറഞ്ഞതെന്നും ഒരു തരത്തിലുളള വിവാദ പരാമര്‍ശവും പാട്ടില്‍ നടത്തിയിട്ടില്ലെന്നും ജി പി കുഞ്ഞബ്ദുളള പറഞ്ഞു.  'ഇതുപോലെ ഒരു വിവാദം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കും. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. പ്രവാസികളുടെ ഇടയിലും നല്ല പിന്തുണ ലഭിക്കുന്നുണ്ട്' എന്നാണ് ജി പി കുഞ്ഞബ്ദുളള പറഞ്ഞത്.

Content Highlights: pottiye kettiye song controversy: Has CPIM become a weak party afraid of songs asks pc vishnunadh

dot image
To advertise here,contact us
dot image