കിഫ്ബി മസാല ബോണ്ട് കേസ്: എന്തിനാണ് വിളിപ്പിക്കുന്നത് എന്ന് ഇ ഡി ഇപ്പോഴും പറഞ്ഞിട്ടില്ലെന്ന് തോമസ് ഐസക്

ഇ ഡി രാഷ്ട്രീയ പ്രേരിതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇ ഡിയെ ഭയപ്പെടേണ്ട കാര്യമില്ലെന്നും തോമസ് ഐസക് പറഞ്ഞു

കിഫ്ബി മസാല ബോണ്ട് കേസ്: എന്തിനാണ് വിളിപ്പിക്കുന്നത് എന്ന് ഇ ഡി ഇപ്പോഴും പറഞ്ഞിട്ടില്ലെന്ന് തോമസ് ഐസക്
dot image

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. കോടതിയുടെ ഇടപെടല്‍ സന്തോഷം നല്‍കുന്നതാണെന്നും എന്തിനാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് എന്ന് ഇപ്പോഴും ഇ ഡി തന്നോട് പറഞ്ഞിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഇ ഡി രാഷ്ട്രീയ പ്രേരിതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇ ഡിയെ ഭയപ്പെടേണ്ട കാര്യമില്ലെന്നും തോമസ് ഐസക് പറഞ്ഞു.

'ഹൈക്കോടതി ഇ ഡിയുടെ കാരണംകാണിക്കല്‍ നോട്ടീസ് നാലുമാസത്തേക്ക് സ്‌റ്റേ ചെയ്തിരിക്കുകയാണ്. വളരെ സന്തോഷകരമായ കാര്യമാണ്. അഞ്ചാറ് വര്‍ഷമായി ഈ പണി തുടങ്ങിയിട്ട്. ഒരുപക്ഷെ ഇതോടു കൂടി ഇത് അവസാനിച്ചേക്കാം. ഇതുവരെയും എന്തിനാണ് എന്നെ വിളിപ്പിക്കുന്നതെന്നോ എന്താണ് ഞാന്‍ ചെയ്ത കുറ്റമെന്നോ എന്നോട് പറയാന്‍ ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ല. എന്റെ പൗരാവകാശം കോടതി സംരക്ഷിച്ചു. മസാല ബോണ്ട് ഫണ്ട് ദുര്‍വിനിയോഗം ചെയ്തു, ചട്ടവിരുദ്ധമായി ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു എന്നാണ് ഇ ഡി നോട്ടീസില്‍ പറയുന്നത്. ഭൂമി വാങ്ങാന്‍ പോലും അനുവദനീയമാണ്. പക്ഷെ റിസര്‍വ് ബാങ്കിന്റെ 2019-ല്‍ നിലവിലുണ്ടായിരുന്ന സര്‍ക്കുലര്‍ പ്രകാരം അത് റിയല്‍ എസ്റ്റേറ്റിന് ഉപയോഗിക്കാന്‍ പാടില്ല എന്നേയുളളു. പശ്ചാത്തല സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കാം. അത് പറഞ്ഞിട്ടാണ് കാരണംകാണിക്കല്‍ നോട്ടീസ്. അടിസ്ഥാനരഹിതമായ കാര്യമാണ്. അത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പിനും തെരഞ്ഞെടുപ്പ് വരുമ്പോള്‍ നോട്ടീസ് വരും. മണ്ടന്‍ നോട്ടീസാണ്. ഇ ഡി രാഷ്ട്രീയ യജമാനന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അതൊന്നും ആരും ഭയപ്പെടില്ല. കേരളത്തില്‍ വിലപ്പോവുകയുമില്ല': തോമസ് ഐസക് പറഞ്ഞു.

കിഫ്ബി മസാല ബോണ്ട് കേസിലെ ഇ ഡി നടപടികളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കിഫ്ബിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. ഇ ഡിക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി. മൂന്ന് മാസത്തേക്കാണ് ഹൈക്കോടതിയുടെ സ്‌റ്റേ. മസാല ബോണ്ട് ഇടപാടിലെ ഇ ഡി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ തീരുമാനമാകും വരെ നോട്ടീസിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മസാല ബോണ്ട് വഴി സമാഹരിച്ച പണം വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചുവെന്ന് കിഫ്ബി വ്യക്തമാക്കി. എന്നാല്‍ ഈ പണം ഭൂമി വാങ്ങാന്‍ കിഫ്ബി ഉപയോഗിച്ചെന്നാണ് ഇ ഡി നോട്ടീസിലെ ആരോപണം. ഭൂമി വാങ്ങുകയല്ല, വികസന പദ്ധതികള്‍ക്കായി ഏറ്റെടുക്കുകയാണ് ചെയ്തതെന്ന് കിഫ്ബി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Content Highlights: KIIFB Masala Bond Case: Thomas Isaac says ED still hasn't said why he is being summoned

dot image
To advertise here,contact us
dot image