

തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ ജനുവരി 13ന് വോട്ടെടുപ്പ് നടക്കും. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡിലും എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡിലും ജനുവരി 13ന് തന്നെയാണ് വോട്ടെടുപ്പ്. ജനുവരി 14നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. ഡിസംബർ 24വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസിൻ്റെ നിര്യാണത്തെ തുടർന്നാണ് വിഴിഞ്ഞത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വാഹനാപടകത്തിലായിരുന്നു ജസ്റ്റിൻ മരിച്ചത്. നിലവിൽ എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റായ വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ് ഫലം ആർക്കും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത് തിരുവനന്തപുരം നഗരസഭയെ സംബന്ധിച്ച് നിർണ്ണായകമാണ്. നിലവിൽ 50 സീറ്റുകളുമായി ബിജെപിയാണ് ഒറ്റകക്ഷി. ഇടതുമുന്നണി യുഡിഎഫ്-19 സ്വതന്ത്രർ 2 എന്നിങ്ങനെയാണ് തിരുവന്തപുരം കോർപ്പറേഷനിലെ കക്ഷിനില.
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി വട്ടത്ത് ഹസീന ഡിസംബർ ഏഴിന് രാത്രിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ യുഡിഎഫ് സമഗ്രാധിപത്യം നേടിയ മൂത്തേടം പഞ്ചായത്തിൽ പായിമ്പാടം വാർഡിലെ തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമല്ല.
തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സി എസ് ബാബു അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ പാമ്പാക്കുട പഞ്ചായത്തിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചിരുന്നു അതിനാൽ തന്നെ ഓണക്കൂർ വാർഡിലെ തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമല്ല.
Content Highlights: Local Body Election Death of candidates Voting on January 13 in wards where elections were postponed