സ്വർണ്ണക്കൊള്ളയിലെ സർക്കാർ ഒളിച്ചുകളി ജനത്തിന് മനസിലായി, മുൻ മന്ത്രിമാരെ സംരക്ഷിക്കാൻ ശ്രമം: രമേശ് ചെന്നിത്തല

പരാജയത്തിന്റെ അരിശം തീര്‍ക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കുന്നുവെന്നും ചെന്നിത്തല

സ്വർണ്ണക്കൊള്ളയിലെ സർക്കാർ ഒളിച്ചുകളി ജനത്തിന് മനസിലായി, മുൻ മന്ത്രിമാരെ സംരക്ഷിക്കാൻ ശ്രമം: രമേശ് ചെന്നിത്തല
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ മുന്‍മന്ത്രിമാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്‍മന്ത്രിമാരുടെ പങ്ക് വ്യക്തമായി കഴിഞ്ഞതാണെന്നും കോടിക്കണക്കിന് ഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിച്ച സംഭവമാണിതെന്നും അദ്ദേഹം ആരോപിച്ചു.

സ്വര്‍ണ്ണക്കൊള്ളയിലെ സര്‍ക്കാര്‍ ഒളിച്ചുകളി ജനത്തിന് മനസിലായി. 10 വര്‍ഷത്തെ ഭരണക്കെടുതി ജനത്തിന് മനസിലായി. ദേവസ്വം പ്രസിഡന്റുമാര്‍ ഇങ്ങനെ ചെയ്യാന്‍ മന്ത്രിമാരുടെ അനുവാദം വേണം. ഏതു കൊച്ചു കുഞ്ഞിനും അതറിയാം. ക്രിമിനല്‍ നടപടി പ്രകാരം അറസ്റ്റില്‍ കഴിഞ്ഞാല്‍ തൊണ്ടി മുതല്‍ കണ്ടെത്തണം. എന്തുകൊണ്ട് തൊണ്ടിമുതല്‍ ഇതുവരെ കണ്ടെത്തിയില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സ്വര്‍ണ്ണം എവിടെയാണ് പോയതെന്നും അദ്ദേഹം ചോദിച്ചു.

എസ്‌ഐടിക്ക് മുന്നില്‍ താന്‍ നല്‍കിയ മൊഴിയും ഇതാണ്. തൊണ്ടിമുതല്‍ കണ്ടെത്താത്തത് ദുരൂഹമാണ്. അന്വേഷണത്തിന്റെ പ്രധാന കണ്ടെത്തലാവണം തൊണ്ടിമുതല്‍. നിഗൂഢമായ വന്‍ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇത് പുറത്തുവരാന്‍ തൊണ്ടിമുതലിലേക്ക് എത്തണം. അന്താരാഷ്ട്ര മാഫിയാ ബന്ധമുണ്ടോ എന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read:

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ചരിത്ര വിജയമാണ്. വിജയത്തിന് പിന്നാലെ സിപിഐഎം അക്രമം അഴിച്ചുവിടുകയാണ്. പരാജയത്തിന്റെ അരിശം തീര്‍ക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കുന്നു. തോറ്റ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയാണ് അക്രമത്തിന് ഇറങ്ങുന്നത്. പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. അക്രമം അവസാനിപ്പിക്കാന്‍ സിപിഐഎം തയ്യാറാകണം. തെരഞ്ഞെടുപ്പിലെ ജയപരാജയം സ്വാഭാവികമാണ്. ജനങ്ങള്‍ക്ക് സര്‍ക്കാരിനെ മടുത്തു.

സര്‍ക്കാരിന് ജനവിശ്വാസം നഷ്ടമായി. 2026-ല്‍ യുഡിഎഫ് വന്‍വിജയം നേടും. തിരുവനന്തപുരത്തെ ബിജെപി വിജയം മുഖ്യമന്ത്രി സമ്മാനിച്ചതാണ്. കോര്‍പ്പറേഷനില്‍ ദുര്‍ഭരണം സംഭാവനയായി നല്‍കിയത് സിപിഐഎമ്മാണ്. ഈ ദുര്‍ഭരണം ബിജെപിയെ വിജയത്തിലേക്ക് നയിച്ചു. ബിജെപി യുഡിഎഫിന്റെ മുഖ്യശത്രുവാണ്. ജനവിധി അട്ടിമറിക്കാന്‍ തങ്ങളില്ല. ബിജെപിയെ അകറ്റിനിര്‍ത്താന്‍ സിപിഐഎമ്മുമായി ഒരു ധാരണയും ആലോചിച്ചില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശശി തരൂര്‍ വിഷയത്തില്‍ പ്രതികരിച്ച ചെന്നിത്തല തരൂര്‍ കോണ്‍ഗ്രസ് എംപിയാണെന്നും കോണ്‍ഗ്രസില്‍ തുടരുന്ന കാലം പ്രത്യയശാസ്ത്രം പിന്തുടരണമെന്നും ഓര്‍മിപ്പിച്ചു.

Content Highlights: Ramesh Chennithala says the government is trying to protect former ministers in the Sabarimala gold theft case

dot image
To advertise here,contact us
dot image