കോർപ്പറേഷൻ പിടിച്ചു, പക്ഷെ സംസ്ഥാനത്ത് BJPയുടെ വോട്ട് ശതമാനം കുറഞ്ഞു; രാജീവ് ചന്ദ്രശേഖര്‍ കടുത്ത അതൃപ്തിയില്‍

അറുന്നൂറോളം വാര്‍ഡുകള്‍ ബിജെപിക്ക് നഷ്ടമായിട്ടുണ്ട്. പുതിയത് നേടാനുള്ള നെട്ടോട്ടത്തിനിടെ കയ്യിലുണ്ടായിരുന്നത് പോകാതിരിക്കാനുള്ള ഇടപെടലുകള്‍ നടന്നിട്ടില്ലെന്നാണ് വിലയിരുത്തൽ

കോർപ്പറേഷൻ പിടിച്ചു, പക്ഷെ സംസ്ഥാനത്ത് BJPയുടെ വോട്ട് ശതമാനം കുറഞ്ഞു; രാജീവ് ചന്ദ്രശേഖര്‍ കടുത്ത അതൃപ്തിയില്‍
dot image

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അടക്കം മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചെങ്കിലും ബിജെപിയുടെ വോട്ട് ശതമാനത്തില്‍ കുറവെന്ന് വിലയിരുത്തല്‍. ലോക്‌സഭാ തെരഞ്ഞടുപ്പിലെ അപേക്ഷിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം കുറഞ്ഞതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനം 20 ആയിരുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് രണ്ട് ശതമാനം കുറഞ്ഞ് പതിനെട്ടായി. ഇതിന് പുറമേ കയ്യിലുണ്ടായിരുന്ന അറുന്നൂറ് വാര്‍ഡുകള്‍ ബിജെപിക്ക് നഷ്ടമായിട്ടുണ്ട്. സുരേഷ് ഗോപിയുടെ പ്രഭാവം കൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തുറുപ്പ് ചീട്ടായി മാറിയ തൃശൂരില്‍ അടിപതറിയതും വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വോട്ട് ശതമാനം കുറഞ്ഞതിലും കയ്യിലുണ്ടായിരുന്ന വാര്‍ഡുകള്‍ നഷ്ടപ്പെട്ടതിലും അടക്കം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കടുത്ത അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരം.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 50 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എല്‍ഡിഎഫ് രണ്ടും യുഡിഎഫ് മൂന്നും സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. തിരുവനന്തപുരത്തിന് പുറമേ കോഴിക്കോട്, കൊല്ലം കോര്‍പ്പറേഷനുകളിലും ബിജെപിക്ക് മുന്നേറ്റം നടത്താന്‍ സാധിച്ചു. പലയിടങ്ങളിലും ബിജെപിക്ക് വോട്ട് ശതമാനം കൂടി. എന്നാല്‍ തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ മുന്നേറാനാകാത്തത് തിരിച്ചടിയായാണ് പാര്‍ട്ടിയും അധ്യക്ഷനും വലിയിരുത്തപ്പെടുന്നത്. തൃശൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇപ്പോള്‍ ലഭിച്ചില്ലെന്നും വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂരിലെ തിരിച്ചടി പാര്‍ട്ടി വിശദമായി പരിശോധിക്കുന്നതായാണ് സൂചന.

അറുന്നൂറോളം വാര്‍ഡുകള്‍ ബിജെപിക്ക് നഷ്ടമായിട്ടുണ്ട്. പുതിയത് നേടാനുള്ള നെട്ടോട്ടത്തിനിടെ കയ്യിലുണ്ടായിരുന്നത് പോകാതിരിക്കാനുള്ള ഇടപെടലുകള്‍ നടന്നിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 2000ത്തോളം വാര്‍ഡുകളില്‍ ജയിച്ചപ്പോഴും 1500ലേറെ സീറ്റുകള്‍ ചെറിയ വോട്ടിന് നഷ്ടമായി. ഇതെല്ലാം കൂടി 4000 സീറ്റുകള്‍ ലഭിക്കേണ്ടതായിരുന്നു എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. ശബരിമല സ്വര്‍ണപ്പാളി വിഷയം വലിയ വലിയ ചര്‍ച്ചയായെങ്കിലും അത് ബിജെപിക്ക് അനുകൂലമാക്കാന്‍ കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്. ശബരിമല സ്ഥിതി ചെയ്യുന്ന പെരുനാട് ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടി. ബിജെപിയുടെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ശബരിമല വാര്‍ഡിലും എല്‍ഡിഎഫാണ് ജയിച്ചത്. ഭരണത്തിലിരുന്ന പന്തളം നഗരസഭയിലും ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇത്തവണ ബിജെപിക്ക് ഭരണം നഷ്ടമായി. എല്‍ഡിഎഫ് 14 സീറ്റുകള്‍ നേടി ഭരണം പിടിച്ചപ്പോള്‍ യുഡിഎഫ് പതിനൊന്ന് സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ പതിനെട്ട് സീറ്റുകളില്‍ ജയിച്ച ബിജെപി ഇത്തവണ ഒന്‍പത് സീറ്റുകളില്‍ ഒതുങ്ങുന്ന കാഴ്ചയാണ് കണ്ടത്. പാലക്കാട് നഗരസഭയില്‍ ഇത്തവണ ഹാട്രിക് വിജയം ലക്ഷ്യംവെച്ച ബിജെപിക്ക് ചെറുതായൊന്ന് അടിപതറിയിരുന്നു. വിജയിച്ചെങ്കിലും ഇത്തവണ കേവലഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം അടക്കമുണ്ടായിട്ടും അത് പാലക്കാട് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും വിലയിരുത്തലുണ്ട്.

Content Highlights- Rajeev Chandrasekhar feeling of displeased over bjp vote percentage in local body election

dot image
To advertise here,contact us
dot image