

ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്ന് സിപിഐ അംഗം പി സന്തോഷ് കുമാര്‍. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് ജനം നല്‍കിയ ഷോക്ക് ആണ്. അതൊരു അലാറമായി കണക്കാക്കുന്നുവെന്നും സന്തോഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'പ്രതീക്ഷിക്കാത്ത തിരിച്ചടിയുണ്ടായി. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും എല്‍ഡിഎഫ് ഉള്‍ക്കൊള്ളേണ്ട കുറേ കാര്യങ്ങളുണ്ട്. അത് ഉള്‍ക്കൊള്ളും. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ബാധിച്ചിട്ടുണ്ട്. എല്‍ഡിഎഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിനും സിപിഐക്കും ഉണ്ട്. ഇതിലും മെച്ചപ്പെട്ട ഫലം അര്‍ഹിച്ചിരുന്നു', സന്തോഷ് കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ജയിച്ച വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്താണ്. വ്യാപകമായി സഖ്യം രൂപപ്പെട്ടിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് ജനവിധിയെ മറികടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളാണ് പലപ്പോഴും ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ആത്മവിശ്വാസം പങ്കുവെച്ചു.
രാഷ്ട്രീയ തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കണക്കാക്കുന്ന 346 ജില്ലാ പഞ്ചായത്തുകളില്‍ ഒരെണ്ണത്തിലാണ് ബിജെപി ജയിച്ചത്. ജയിപ്പിച്ച അനുഭവമുള്ള സ്ഥലത്ത് ജനം അവരെ നിരാകരിച്ചു. തൃശ്ശൂരും പാലക്കാടും പന്തളത്തും ബിജെപിയുടെ സാന്നിധ്യം കുറഞ്ഞു. ഫലത്തിന് പിന്നാലെ മുതിര്‍ന്ന സിപിഐഎം നേതാവ് എം എം മണി നടത്തിയ പരാമര്‍ശം വകതിരിവില്ലായ്മയാണ്. ഉത്തരവാദിത്തം എല്ലാവരും എടുത്ത് ആരെയും കുറ്റപ്പെടുത്താതെ മുന്നോട്ട് പോകണമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.
ശബരിമല കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പത്മകുമാറിനെ ഇടതുനേതാവായി കണക്കാക്കുന്നില്ല. ഇടതുനേതാവെന്നു പറഞ്ഞ് വലിയ സംഭവം ഉണ്ടാക്കരുത്. എന്‍ വാസുവും പത്മകുമാറുമൊന്നും ഇടതുനേതാവല്ല. എത്രയോ നേതാക്കളുണ്ട് കേരളത്തില്‍ എന്നും സന്തോഷ് കുമാര്‍ ചോദിച്ചു.
Content Highlights: Local body elction Result was a shock to the Left Front Said P Santhosh Kumar