നേമത്ത് ബിജെപിയെ പ്രതിരോധിക്കാൻ ശിവൻകുട്ടിയെ ഇറക്കാൻ സിപിഐഎം? മത്സരിക്കാൻ തടസ്സമില്ലെന്ന് ജില്ലാ സെക്രട്ടറി

ബിജെപിയെ പ്രതിരോധിക്കാന്‍ ശിവന്‍കുട്ടി ഇറങ്ങണമെന്നാണ് വിലയിരുത്തല്‍

നേമത്ത് ബിജെപിയെ പ്രതിരോധിക്കാൻ ശിവൻകുട്ടിയെ ഇറക്കാൻ സിപിഐഎം? മത്സരിക്കാൻ തടസ്സമില്ലെന്ന് ജില്ലാ സെക്രട്ടറി
dot image

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മന്ത്രി വി ശിവന്‍കുട്ടിയെ തന്നെ കളത്തിലിറക്കാൻ സിപിഐഎം. ബിജെപിയെ പ്രതിരോധിക്കാന്‍ ശിവന്‍കുട്ടി തന്നെ മത്സരരംഗത്തിറങ്ങണമെന്നാണ് വിലയിരുത്തൽ. ശിവന്‍കുട്ടിക്ക് മത്സരിക്കാന്‍ തടസങ്ങളില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയായാല്‍ മാത്രമേ മത്സര രംഗത്ത് നിന്നും മാറേണ്ടതുള്ളൂ. നേമത്ത് ശിവന്‍കുട്ടിക്ക് നല്ല സ്വാധീനമുണ്ടെന്നും വി ജോയ് വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബിജെപിക്ക് തുറക്കാൻ കഴിയാത്ത വിധം നേമത്തെ സീറ്റ് പൂട്ടിയെന്ന് നേരത്തെ ശിവൻകുട്ടി പ്രതികരിച്ചിരുന്നു. നേമം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ സ്വയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ശിവൻകുട്ടിയുടെ പരാമർശം. കേരളത്തിൽ ബിജെപി ഇതുവരെ വിജയിച്ച ഏക നിയമസഭാ സീറ്റാണ് നേമം മണ്ഡലം. 2016ൽ മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലാണ് നേമത്ത് നിന്ന് വിജയിച്ചത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ ശിവൻകുട്ടിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് കേരള നിയമസഭയിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിയത്.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷമുള്ള ആദ്യ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. പാര്‍ട്ടി നേരിട്ട തിരിച്ചടി വിലയിരുത്തലാണ് യോഗത്തിലെ പ്രധാന അജണ്ട. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ ഏത് രീതിയില്‍ നേരിട്ട് മുന്നോട്ട് പോകണമെന്ന കാര്യവും ചര്‍ച്ചയാകും. നാളെ എല്‍ഡിഎഫ് യോഗവും ചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഏത് രീതിയില്‍ മുന്നണി മുന്നോട്ട് പോകണമെന്നതായിരിക്കും എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയാവുക.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റെയ്‌സറായി കണക്കാക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് തിരിച്ചടിയായിരുന്നു. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 505 ഇടത്താണ് യുഡിഎഫ് മുന്നേറ്റം.

341 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫിന് മുന്നേറ്റം നടത്താനായത്. 26 ഗ്രാമ പഞ്ചായത്തുകളിൽ ബിജെപിയും ശക്തി തെളിയിച്ചു. ആകെയുള്ള 86 മുൻസിപ്പാലിറ്റികളിൽ 54ഇടത്ത് യുഡിഎഫും 28ഇടത്ത് എൽഡിഎഫുമാണ് നേട്ടമുണ്ടാക്കിയത്. രണ്ട് മുൻസിപ്പാലിറ്റികളിൽ ബിജെപി നേട്ടമുണ്ടാക്കി. ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് നേട്ടമുണ്ടാക്കിയത്. ബോക്ക് പഞ്ചായത്തിലും യുഡിഎഫ് തന്നെയാണ് നേട്ടമുണ്ടാക്കിയത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് 78, എൽഡിഎഫ് 64 എന്നിങ്ങനെയാണ് മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളിൽ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

രണ്ട് ഘട്ടങ്ങളായി തദ്ദേശ തെരഞ്ഞെടുപ്പിൽ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാർഡുകൾ, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 നഗരസഭകളിലെ 3,205 വാർഡുകൾ, 6 കോർപ്പറേഷനുകളിലെ 421 വാർഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ൽ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബർ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബർ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

Content Highlights: V Sivankutty to contest nemom assembly elections

dot image
To advertise here,contact us
dot image