ഈ വിധി കടുത്ത നിരാശ, എട്ടരവര്‍ഷം നീണ്ട പോരാട്ടത്തില്‍ ഞങ്ങളുടെ സഹപ്രവത്തകയ്ക്ക് ലഭിച്ചത് നീതിയല്ല; ഡബ്ല്യുസിസി

'വിധി സൂക്ഷ്മമായി പഠിച്ച് തുടര്‍ നടപടികളുമായി ഞങ്ങള്‍ ശക്തമായി മുന്നോട്ടു വരും. പോരാട്ടം തുടരും.'

ഈ വിധി കടുത്ത നിരാശ, എട്ടരവര്‍ഷം നീണ്ട പോരാട്ടത്തില്‍ ഞങ്ങളുടെ സഹപ്രവത്തകയ്ക്ക് ലഭിച്ചത് നീതിയല്ല; ഡബ്ല്യുസിസി
dot image

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി വിധിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി). ഈ വിധി കടുത്ത നിരാശയാണെന്നും എട്ടരവര്‍ഷം നീണ്ട ഈ പോരാട്ടത്തില്‍ അത് തങ്ങളുടെ സഹപ്രവത്തകയ്ക്ക് മുന്നില്‍ ബാക്കി വച്ചത് നീതിയല്ല, കരുതലല്ല എന്നും ഡബ്ല്യുസിസി പ്രതികരിച്ചു. 'പെണ്‍ കേരളത്തിന് അത് നല്‍കുന്ന സാമൂഹ്യപാഠം, ഇനി പരാതിയുമായി മുന്നോട്ട് വരരുത് എന്ന അത്യന്തം നിരാശാജനമായ വിലക്കാണ്. വിധി സൂക്ഷ്മമായി പഠിച്ച് തുടര്‍ നടപടികളുമായി ഞങ്ങള്‍ ശക്തമായി മുന്നോട്ടു വരും. പോരാട്ടം തുടരും.' ഡബ്ല്യുസിസി കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് അതിജീവിത പങ്കുവെച്ച പോസ്റ്റിന് പിന്തുണയുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തി നടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, അഹാന കൃഷ്ണ, ഷഫ്‌ന, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഡ്യൂസര്‍ സുപ്രിയ മേനോന്‍, സയനോര ഫിലിപ്പ്, ലീലാ സന്തോഷ്, തുടങ്ങിയവര്‍ അതിജീവിതയുടെ പോസ്റ്റുകള്‍ റീഷെയര്‍ ചെയ്തു. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ലെന്നും എന്നും എപ്പോഴും അതിജീവിതയ്ക്കൊപ്പമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് നടി മഞ്ജു വാര്യരുടെ കുറിപ്പ്.

വിചാരണക്കോടതിക്ക് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് അതിജീവിത പ്രതികരിച്ചത്. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാല്‍ തനിക്കിതില്‍ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ താനിപ്പോള്‍ തിരിച്ചറിയുന്നു, 'നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല'. തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധമുള്ള ന്യായിധിപന്‍മാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അതിജീവിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Content Highlight; This verdict is a great disappointment, collegue did not get justice in their struggle; WCC

dot image
To advertise here,contact us
dot image