

കോഴിക്കോട്: കോർപ്പറേഷനിൽ യുഡിഎഫിന് ഭരണം നഷ്ടപ്പെടുന്നത് കേവലം 62 വോട്ടിന്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് എൽഡിഎഫ് 34 ഡിവിഷനിൽ ജയിച്ചു, കേവല ഭൂരിപക്ഷമില്ലെങ്കിലും ഭരണം നിലനിർത്താം. യുഡിഎഫിന് 28 ഡിവിഷനുകളാണ് ലഭിച്ചത്. പത്തുസീറ്റിനപ്പുറം അവർക്കും കേവലഭൂരിപക്ഷം കിട്ടുമായിരുന്നു. ചുരുങ്ങിയത് 4 സീറ്റുകൾ കൂടി കിട്ടിയിരുന്നെങ്കിൽ ഏറ്റവും വലിയ കക്ഷിയായി ഭരണവും പിടിക്കാമായിരുന്നു. എന്നാൽ ചരിത്രത്തിലെ വലിയ അട്ടിമറിയിലൂടെ കോഴിക്കോട് കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള സുവർണാവസരം യുഡിഎഫിന് നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിലാണ്.
കോർപ്പറേഷനിൽ യുഡിഎഫ് രണ്ടാംസ്ഥാനത്തെത്തിയ ഡിവിഷനുകൾ പരിശോധിച്ചാൽ കാര്യം കുറച്ചൂകൂടെ വ്യക്തമാകും. ബിജെപി ജയിച്ചുകയറിയ പുതിയറ വാർഡിൽ യുഡിഎഫ് ഒമ്പത് വോട്ടിനാണ് പരാജയപ്പെട്ടത്. ചെലവൂരിൽ 17 വോട്ടിനാണ് എൽഡിഎഫ് ജയിച്ചത് തൊട്ടുപിറകിൽ യുഡിഎഫ്. അരക്കിണറിൽ 19 വോട്ടിനും ചെറുവണ്ണൂർ വെസ്റ്റ് 22 വോട്ടിനും പുതിയങ്ങാടി 62 വോട്ടിനും പാളയം 73 വോട്ടിനും പൂളക്കടവ് 92 വോട്ടിനുമാണ് യുഡിഎഫിന് സീറ്റ് നഷ്ടമായത്.
ഇതിൽ പുതിയറയും ചെലവൂരും അരക്കിണറും ചെറുവണ്ണൂരും യുഡിഎഫിന് കിട്ടിയിരുന്നെങ്കിൽ യുഡിഎഫ് വലിയ ഒറ്റകക്ഷിയാകുകയും കോർപ്പറേഷൻ ഭരിക്കുകയും ചെയ്യാമായിരുന്നു. യുഡിഎഫ് 32, എൽഡിഎഫ് 29, ബിജെപി 12 എന്ന നിലയിൽ ആകുമായിരുന്നു കക്ഷിനില.അതായത് ഈ നാല് വാർഡുകളിലും കൂടി 62 വോട്ടിനാണ് യുഡിഎഫ് പിന്നിലായത്. ആ 62 വോട്ടിനാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. സംസ്ഥാനത്താകെ അലയടിച്ച ഭരണവിരുദ്ധ വികാരം കോഴിക്കോട് കോർപ്പറേഷനിലും പ്രകടമായിരുന്നു. പക്ഷെ അത് വല്ലാതെ ചിതറിപ്പോയി. ബിജെപിയുടെ സാന്നിധ്യം തിരിച്ചടിയായി.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനാണ് കോഴിക്കോട്. എല്‍ഡിഎഫ് 50, യുഡിഎഫ് 18, എന്‍ഡിഎ 7 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷി നില.
Content Highlights: kozhikode corporation udf seat