

എറണാകുളം: എറണാകുളത്തെ തൃപ്പൂണിത്തുറ നഗരസഭയിൽ ഭരണത്തിലേറാന്‍ കോൺഗ്രസിന്റെ പിന്തുണ തേടിയിരിക്കുകയാണ് സിപിഐഎം. ബിജെപിയെ അകറ്റി നിർത്തുകയെന്ന നിലപാടിൽ മാറ്റമില്ലെങ്കിലും സിപിഐഎമ്മുമായുള്ള ബന്ധം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആയുധമാക്കുമോ എന്ന ആശങ്കയാണ് കോൺഗ്രസിനുള്ളത്.
അതേസമയം തൃപ്പൂണിത്തറ നഗരസഭയില്‍ എല്‍ഡിഎഫുമായുള്ള സഹകരണ സാധ്യത തള്ളി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സിപിഐഎമ്മും ബിജെപിയുമാണ് മുഖ്യശത്രുക്കൾ. അന്തിമ തീരുമാനം കോണ്‍ഗ്രസ് നേതൃത്വം എടുക്കും. തൃപ്പൂണിത്തറ നഗരസഭയില്‍ സിപിഐഎം - ബിജെപി സഖ്യമായിരുന്നുവെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു. എം സ്വരാജും സിപിഐഎം നേതൃത്വവും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട ഷിയാസ് സിപിഐഎം വോട്ട് ബിജെപിക്ക് മറിച്ചുവെന്നും തുറന്നടിച്ചു. കൊച്ചി കോര്‍പ്പറേഷനില്‍ പരിചയ സമ്പത്ത് ഉള്ളവരെ മേയറാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
തൃപ്പൂണിത്തുറ നഗരസഭയിൽ ആകെയുള്ള 53 സീറ്റിൽ 21 സീറ്റുകളിലും വിജയിച്ചത് ബിജെപിയാണ്. രണ്ടാം സ്ഥാനത്തെത്തിയ എൽഡിഎഫിന് 20 സീറ്റുകളാണുള്ളത്. ഇവിടെ ഭരണം പിടിക്കണമെങ്കിൽ എൽഡിഎഫിന് കോൺഗ്രസ് സഹായമില്ലാതെ മറ്റു മാർഗമില്ല. ഇതോടെയാണ് അണിയറയിൽ തിരക്കിട രാഷ്ട്രീയ നീക്കങ്ങൾ ശക്തമായത്. എന്നാൽ നഗരസഭയിൽ 12 സീറ്റുകൾ നേടിയ യുഡിഎഫ് ഇപ്പോൾ പ്രതിസന്ധിയിലാണ്.
മുഖ്യശത്രു ആരെന്ന ധാർമിക പ്രതിസന്ധിയിലായ യുഡിഎഫ്, ബിജെപി അധികാരത്തിൽ വരുന്നത് തടയാതിരുന്നാൽ പ്രഖ്യാപിത വർഗീയ വിരുദ്ധ നിലപാടിന് തിരിച്ചടിയാകും. എന്നാൽ സിപിഐഎമ്മിനെ പിന്തുണച്ചാൽ നിയമാസഭാ തെരഞ്ഞെടുപ്പിൽ അത് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് മറുവശത്ത്. പാലക്കാടിന് സമാനമായ രീതിയിൽ ഇവിടെ പിന്തുണയ്ക്കാൻ സ്വതന്ത്രനുമില്ല. എങ്കിലും ബിജെപിയെ ഭരണത്തിൽ ഏറ്റാതിരിക്കാൻ സിപിഐഎമ്മിനെ പുറത്തുനിന്നെങ്കിലും കോൺഗ്രസ് പിന്തുണയ്ക്കാനാണ് സാധ്യത.
ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താനുള്ള ധാരണയിലേയ്ക്ക് ഇടത്-വലത് മുന്നണികൾ എത്തിയാൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഇവിടെ ഭരണത്തിലേറാൻ സാധിക്കും. 20 അംഗങ്ങളുള്ള ഇടതുപക്ഷത്തെ 12 അംഗങ്ങളുള്ള യുഡിഎഫ് പിന്തുണയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഈ സാധ്യത ഇരുമുന്നണികളും ഏത് നിലയിൽ പ്രയോജനപ്പെടുത്തും എന്നതാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. നിലവിൽ യുഡിഎഫ് വിമതനായ സ്വതന്ത്രനെ ഇരുമുന്നണികളും പിന്തുണയ്ക്കുകയും അതുവഴി ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റി നിർത്തുകയും ചെയ്യുക എന്ന ആലോചന ഒരുഭാഗത്ത് പുരോഗമിക്കുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
Content Highlights: CPIM seeks support from Congress in Thrippunithura Muncipality