

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തില്‍ ആടിയുലഞ്ഞ് ചെങ്കോട്ടകളും. ഇടതുകോട്ടയായ കണ്ണൂരിലും വലിയ വിളളലുണ്ടായി. യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇത്തവണ തിരിച്ചുപിടിക്കുകയായിരുന്നു എല്‍ഡിഎഫിന്റെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റ് പോലും ലഭിക്കാതെയുള്ള പരാജയമാണ് ഇത്തവണ എല്‍ഡിഎഫിന് എറ്റുവാങ്ങേണ്ടിവന്നത്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ 19 സീറ്റാണ് എല്‍ഡിഎഫിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ അത് 15 ആയി കുറഞ്ഞു. യുഡിഎഫിന് 36 സീറ്റും എന്‍ഡിഎയ്ക്ക് നാല് സീറ്റുമാണ് ലഭിച്ചത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ 18 സീറ്റുകളില്‍ വിജയിച്ച് എല്‍ഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. കോണ്‍ഗ്രസിന് ഏഴ് സീറ്റുകളില്‍ വിജയിക്കാനായി. നടുവില്‍, പയ്യാവൂര്‍, കൊട്ടിയൂര്‍, കൊലവല്ലൂര്‍, മയ്യില്‍, കോലച്ചേരി, മറ്റൂല്‍ വാര്‍ഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. സമീപകാലത്തെ യുഡിഎഫിന്‍റെ ഏറ്റവും വലിയ നേട്ടമാണ് ഇത്. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടിലും എല്‍ഡിഎഫ് വിജയിച്ചു. എന്നാല്‍ ഇടതുകോട്ടയായ തളിപ്പറമ്പില്‍ എട്ട് വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. എട്ടുവാര്‍ഡുകളില്‍ എല്‍ഡിഎഫും വിജയിച്ചതോടെ സമനിലയിലായി. എടക്കാട് ബ്ലോക്കിലും സമനിലയിലാണ് ഇരുമുന്നണികളും. ഏഴ് വാര്‍ഡുകളില്‍ വീതം ഇരുമുന്നണികളും മുന്നിലാണ്.
ഗ്രാമപഞ്ചായത്തുകളിലും ഇത്തവണ യുഡിഎഫ് മുന്നേറ്റമാണ് ഉണ്ടായത്. 71 ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ 14 സീറ്റുകള്‍ മാത്രം നേടിയ യുഡിഎഫിന് ഇത്തവണ ഇരിക്കൂറും കേളകവും കൊട്ടിയൂരും ഉള്‍പ്പെടെ ലഭിച്ചത് 21 സീറ്റുകളാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 57 ഗ്രാമപഞ്ചായത്തുകളില്‍ വിജയിച്ച എല്‍ഡിഎഫിന് 49 സീറ്റുകള്‍ മാത്രമാണ് ഇത്തവണ ലഭിച്ചത്. മുണ്ടേരി പഞ്ചായത്തില്‍ സമനിലയിലാണ്. ജില്ലയിലെ എട്ട് നഗരസഭകളില്‍ അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫും മൂന്നെണ്ണത്തില്‍ യുഡിഎഫും വിജയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലാകെ മികച്ച നേട്ടമാണ് യുഡിഎഫ് ഉണ്ടാക്കിയത്. ജില്ലയില്‍ എല്‍ഡിഎഫ് മാത്രം ജയിച്ച് പ്രതിപക്ഷമില്ലാതിരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണത്തിലും കുറവാണുണ്ടായത്. ചിറ്റാരിപ്പറമ്പ്, ഏഴോം, എരമം കുറ്റൂര്‍ എന്നിവിടങ്ങളില്‍ എല്‍ഡിഎഫിന്റെ സമഗ്രാധിപത്യം നഷ്ടമായി. 2020-ല്‍ പ്രതിപക്ഷമില്ലാത്ത 10 പഞ്ചായത്ത് ഉണ്ടായിരുന്നിടത്ത് ഇത്തവണ 8 ആയി. ചെറുതാഴം (19), കതിരൂര്‍ (20), കല്യാശേരി (20), കാങ്കോല്‍ ആലപ്പടമ്പ് (15), കണ്ണപുരം (15), കരിവെളളൂര്‍ പെരളം(16), പിണറായി (21), പന്ന്യന്നൂര്‍ (16) എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് ഏകപക്ഷീയമായി വിജയിച്ചത്. പ്രതിപക്ഷമുണ്ടായിരുന്ന ചെറുതാഴത്ത് ഇത്തവണ എല്ലാ സീറ്റിലും എല്‍ഡിഎഫ് വിജയിച്ചു. തലശേരിയില്‍ രണ്ട് വാര്‍ഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്.
Content Highlights: UDF Wave in local body election 2025 kannur