

തിരുവനന്തപുരത്ത് പഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വരെ അടിമുടി അട്ടിമറിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പാണ് കടന്നുപോയത്. പതിറ്റാണ്ടുകളായി എല്‍ഡിഎഫ് കുത്തകയായിരുന്ന കോര്‍പ്പറേഷനില്‍ താമര വിരിഞ്ഞതോടെ ബിജെപിക്കും അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും എ പ്ലസ് നേട്ടമാണ് ലഭിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചൂടാറാതെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കാനാണ് മുന്നണികളുടെ തീരുമാനം. സെമി ഫൈനല്‍ ഫലം വിലയിരുത്തി കൂട്ടിയും കിഴിച്ചും ഫൈനലിലേക്ക് കടക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മുന്നണികള്‍ പ്രതീക്ഷിക്കുന്നില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരമെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം സീറ്റുകള്‍ ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളാണ്. രൂപീകരണം മുതല്‍ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായ വട്ടിയൂര്‍ക്കാവില്‍ 2011 മുതല്‍ വിജയിച്ച് വന്നിരുന്ന കോണ്‍ഗ്രസിന് 2019ലെ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം നഷ്ടമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം പക്ഷെ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടു. അതിനാൽ തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വട്ടിയൂർക്കാവിൽ എന്ത് സംഭവിക്കുമെന്ന ആകാക്ഷയിലായിരുന്നു രാഷ്ട്രീയ കേരളം.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് വട്ടിയൂര്‍ക്കാവ്. വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകളും കോര്‍പ്പറേഷനിലെ പത്ത് വാര്‍ഡുകളും ശാസ്തമംഗലം, കുന്നുകുഴി, നന്തന്‍കോട്, കണ്ണമൂല വാര്‍ഡുകളും ചേര്‍ന്നാണ് വട്ടിയുര്‍ക്കാവ് മണ്ഡലം നിലവില്‍ വന്നത്. പിന്നീട് പഞ്ചായത്തുകള്‍ കോര്‍പ്പറേഷനോട് ചേര്‍ത്തതോടെ 24 വാര്‍ഡുകളും നാലാഞ്ചിറ വാര്‍ഡിന്റെ പകുതിയും മണ്ഡലത്തിലായി. അതായത് പട്ടം, കേശവദാസപുരം, മുട്ടട, കിനാവൂര്‍, പാതിരപ്പള്ളി, കുടപ്പനക്കുന്ന്, ചെട്ടിവിളാകം, പേരൂര്‍ക്കട, തുരുത്തുംമൂല, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂര്‍, വാഴോട്ടുകോണം, വട്ടിയൂര്‍ക്കാവ്, കാഞ്ഞിരംപാറ, വലിയവിള, പാങ്ങോട്, ശാസ്തമംഗലം, കവടിയാര്‍, കുറവന്‍കോണം, നന്തന്‍കോട്, കുന്നുകുഴി, കണ്ണമ്മൂല എന്നിവയും മെഡിക്കല്‍ കോളേജ്, നാലാഞ്ചിറ വാര്‍ഡുകളുടെ പകുതിയുമാണ്.
കഴിഞ്ഞ ദിവസത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ വിജയിച്ച വാർഡുകളുടെ എണ്ണത്തിൽ ഇവിടെ ബിജെപിയും കോണ്‍ഗ്രസും വലിയ മുന്നേറ്റമുണ്ടാക്കിയതായി കാണാം. ശാസ്തമംഗലത്ത് ശ്രീലേഖയുടെ വിജയം അടക്കം ബിജെപിക്ക് നേട്ടമാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ചെട്ടിവിളാകം, നെട്ടയം, തുരുത്തുംമൂല, വാഴോട്ടുകോണം, കൊടുങ്ങന്നൂര്‍, വട്ടിയൂര്‍ക്കാവ്, കാഞ്ഞിരംപാറ, വലിയവിള, പാങ്ങോട് വാര്‍ഡുകളിലും ബിജെപിക്കാണ് വിജയം.
കവടിയാറില്‍ ശബരീനാഥന്റെ വിജയവും മുട്ടടയില്‍ വൈഷ്ണ എസ് സുരേഷിന്റെ വിജയവും ഉള്‍പ്പെടെ പട്ടം, കേശവദാസപുരം, കിനാവൂര്‍, കുടപ്പനക്കുന്ന്, കുറുവന്‍കോണം, നന്ദന്‍കോട്, കുന്നുകുഴി, നാലാഞ്ചിറ വാര്‍ഡുകളിലും യുഡിഎഫ് വിജയിച്ചു. പാതിരപ്പള്ളി, പേരൂര്‍ക്കട, കാച്ചാണി, മെഡിക്കല്‍ കോളേജ് വാര്‍ഡുകളിലേക്ക് എല്‍ഡിഎഫ് ചുരുങ്ങിയെങ്കിലും മൂവരും തമ്മിൽ വലിയ വോട്ടുവ്യത്യാസമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ അടിസ്ഥാനത്തിൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയും യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ശക്തമായ മത്സരമായിരിക്കും മണ്ഡലത്തിലുണ്ടാവുകയെന്ന് വേണം വിലയിരുത്താൻ. ഒരു ഊഴത്തിന് കൂടി സാധ്യതയുള്ള സിറ്റിംഗ് എംഎൽഎ വി കെ പ്രശാന്ത് രംഗത്തിറങ്ങിയാൽ ശക്തമായ ത്രികോണ മത്സരത്തിനും വഴിതെളിയും.
വട്ടിയൂര്‍ക്കാവില്‍ എംഎല്‍എയായിരുന്ന കെ മുരളീധരന്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സാഹചര്യത്തിലാണ് വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. അന്ന് വി കെ പ്രശാന്തിലൂടെ എല്‍ഡിഎഫ് മണ്ഡലം പിടിച്ചു. പ്രളയ സഹായവും, സര്‍ക്കാരിനോടുള്ള ഭരണാനുകൂല വികാരവും 'മേയര്‍ പ്രശാന്ത് ബ്രോ'യക്ക് അനുകൂല ഘടകങ്ങളായിരുന്നു. പിന്നീട് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വി കെ പ്രശാന്ത് വിജയം ആവർത്തിച്ചു. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടി പക്ഷെ എൽഡിഎഫിന് വെല്ലുവിളിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് വില പരിശോധിച്ചാൽ എൻഡിഎ- 36,089 എൽഡിഎഫ്-33,589, യുഡിഎഫ് 32, 332 എന്നിങ്ങനെയാണ് കണക്കുകൾ( തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ അടിസ്ഥാനത്തിലുള്ള കണക്ക്)
Content Highlights: Local body election Result effect vattiyoorkavu assembly constituency result