

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതിന്റെ ഞെട്ടലിലാണ് ഭരണപക്ഷമായ എൽഡിഎഫ്. സംസ്ഥാനത്ത് യുഡിഎഫ് നടത്തിയ മുന്നേറ്റത്തേക്കാൾ എൽഡിഎഫിന് വെല്ലുവിളിയാകുക ബിജെപി ഉണ്ടാക്കിയ മുന്നേറ്റമാണെന്ന് തീർച്ചയാണ്. പന്തളം നഗരസഭയിൽ ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ എൽഡിഎഫിന് സാധിച്ചെങ്കിലും തിരുവനന്തപുരം കോർപ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലും ബിജെപി ഉണ്ടാക്കിയ മുന്നേറ്റം ഇടതുപക്ഷത്തെ സംബന്ധിച്ച് വെല്ലുവിളിയാണ്. ബിജെപിയുടെ മുന്നേറ്റം കോൺഗ്രസിനും പ്രതിസന്ധി ഉയർത്തുന്ന സാഹചര്യം മുന്നിലുണ്ട്.
2020ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തായിരുന്ന ബിജെപി ഇത്തവണ തിരുവനന്തപുരം നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. കേവല ഭൂരിപക്ഷം ലഭിക്കാൻ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് കുറവ്. ഭരണത്തിലുണ്ടായിരുന്ന പാലക്കാട് പക്ഷെ ഇത്തവണ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാൻ ബിജെപിക്ക് സാധിച്ചില്ല. അമ്പത്തിമൂന്ന് വാർഡുള്ള നഗരസഭയിൽ ബിജെപിക്ക് ലഭിച്ചിരിക്കുന്നത് 25 സീറ്റുകളാണ്. 2015ൽ ബിജെപി ആദ്യമായി പാലക്കാട് നഗരസഭയിൽ അധികാരം നേടിയത് സ്വതന്ത്രരുടെ സഹായത്തോടെയായിരുന്നു. അതേസമയം 2020ൽ 28 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു ബിജെപി ഭരണംപിടിച്ചത്. 27 സീറ്റുകളാണ് ഇവിടെ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാൽ ഇത്തവണ ഒറ്റയ്ക്ക് നഗരസഭ ഭരിക്കാൻ കഴിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയിട്ടുണ്ട്. തൃപ്പൂണിത്തുറ നഗരസഭയിലും കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. ഈ മൂന്നിടങ്ങളിലും ഭരണം കൈയ്യാളാൻ ഏറ്റവും അനുകൂലമായ സാഹചര്യം ബിജെപിക്കുണ്ട്. ബിജെപിയെ ഈ മൂന്നിടത്തും അധികാരത്തിന് പുറത്ത് നിർത്തണമെങ്കിൽ യുഡിഎഫും ഇടതുപക്ഷവും പരസ്പര ധാരണയിൽ എത്തേണ്ടതുണ്ട്. ഈ മൂന്നിടങ്ങളിലും ബിജെപിയെ അധികാരത്തിന് പുറത്ത് നിർത്താൻ നിലവിൽ 'ഇൻഡ്യ' മുന്നണിയുടെ ഭാഗമായ ഇടതുപക്ഷത്തിനും കോൺഗ്രസിനും കഴിയുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഇതിൽ തിരുവനന്തപുരത്ത് കോൺഗ്രസും ഇടതുപക്ഷവും ഒരുമിച്ച് നിന്നാലും ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്ത് നിർത്താനുള്ള സാധ്യതകൾ വിദൂരമാണ്.
തിരുവനന്തപുരം കോർപ്പറേഷനിൽ മത്സരം നടന്ന നൂറിൽ അമ്പത് സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ആകെ101 ഡിവിഷനുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ വിഴിഞ്ഞത്ത് സ്ഥാനാർത്ഥി മരിച്ചതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. കോർപറേഷനിൽ കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുള്ള ബിജെപിക്ക് വിഴിഞ്ഞത്തെ എൽഡിഎഫ് സിറ്റിംഗ് സീറ്റിൽ വിജയം അനിവാര്യമാണ്. അല്ലെങ്കിൽ ജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളെ ഒപ്പം നിർത്തണം. അപ്പോഴും ഒരുമിച്ച് നിൽക്കാൻ കോൺഗ്രസും ഇടതുപക്ഷവും തീരുമാനിച്ചാലും സ്വതന്ത്രരുടെ നിലപാടും ഭാഗ്യവും അനുകൂലമായി വന്നാൽ മാത്രമേ ബിജെപിയെ പ്രതിപക്ഷത്ത് ഇരുത്താൻ കഴിയൂ.
തിരുവനന്തപുരം നഗരസഭയിൽ 29സീറ്റിലാണ് ഇടതുപക്ഷം വിജയിച്ചത്. യുഡിഎഫ് 19 സീറ്റുകളിലും വിജയിച്ചു. ഇരുമുന്നണികളും ഒന്നിച്ചു നിന്നാൽ 48സീറ്റുകളാകും. ഇതിനൊപ്പം സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചാലും 50 സീറ്റിലേയ്ക്ക് മാത്രമേ ഇവർക്ക് എത്താൻ കഴിയൂ. ഈ സാഹചര്യത്തിൽ ടോസിൻ്റെ ഭാഗ്യം കൂടി വേണ്ടിവരും ഇവർക്ക് അധികാരത്തിൽ എത്താൻ. നിലവിൽ ഇടതുപക്ഷത്തിൻ്റെ സിറ്റിംഗ് സീറ്റായ വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ് ഫലവും നിർണ്ണായകമാകും. എന്നാൽ വളരെ വിദൂരമായ ഈ സാധ്യതയ്ക്ക് ഇടതുപക്ഷവും കോൺഗ്രസും കൈകൊടുക്കുമോ എന്നാണ് കണ്ടറിയേണ്ടത്. നിലവിൽ സഖ്യത്തെ സംബന്ധിച്ച് അലോചനയിൽ ഇല്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാൽ തൃപ്പൂണത്തുറയിലും പാലക്കാടും സാഹചര്യം വ്യത്യസ്തമാണ്. ഈ രണ്ട് നഗരസഭകളിലും സ്വന്തം നിലയിൽ കേവല ഭൂരിപക്ഷം നേടാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. എന്നാൽ ഇവിടെ രണ്ടിടത്തും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. എന്നാൽ യുഡിഎഫും എൽഡിഎഫും പരസ്പര ധാരണയിലെത്തിയാൽ ഈ രണ്ട് നഗരസഭകളിലും ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിയും. നിലവിൽ 53 അംഗങ്ങളുള്ള തൃപ്പൂണിത്തുറ നഗരസഭയിൽ ബിജെപിക്ക് 21 അംഗങ്ങളാണുള്ളത്. ഇവിടെ കേവലഭൂരിപക്ഷത്തിന് വേണ്ടത് 27 അംഗങ്ങളുടെ പിന്തുണയാണ്. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫിന് ഇവിടെ 20 അംഗങ്ങളുണ്ട്. യുഡിഎഫിന് 12 അംഗങ്ങളും തൃപ്പൂണിത്തുറയിൽ ഉണ്ട്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താനുള്ള ധാരണയിലേയ്ക്ക് ഇടത്-വലത് മുന്നണികൾ എത്തിയാൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഇവിടെ ഭരണത്തിലേറാൻ സാധിക്കും. 20 അംഗങ്ങളുള്ള ഇടതുപക്ഷത്തെ ഇവിടെ 12 അംഗങ്ങളുള്ള യുഡിഎഫ് പിന്തുണയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഈ സാധ്യത ഇരുമുന്നണികളും ഏത് നിലയിൽ പ്രയോജനപ്പെടുത്തും എന്നതാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. നിലവിൽ യുഡിഎഫ് വിമതനായ സ്വതന്ത്രനെ ഇരുമുന്നണികളും പിന്തുണയ്ക്കുകയും അതുവഴി ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റി നിർത്തുകയും ചെയ്യുക എന്ന ആലോചന ഒരുഭാഗത്ത് പുരോഗമിക്കുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
പാലക്കാട് നഗരസഭയിലും സ്ഥിതി വ്യത്യസ്തമല്ല. ആകെയുള്ള 53 അംഗങ്ങളിൽ ബിജെപിയ്ക്ക് 25 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ പിന്തുണ കൂടി ബിജെപിക്ക് വേണ്ടതുണ്ട്. നിലവിൽ യുഡിഎഫ് 18, എൽഡിഎഫ് 9, സ്വതന്ത്രർ 1 എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ കക്ഷിനില. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ യുഡിഎഫും എൽഡിഎഫും ധാരണയിലെത്തിയാൽ പാലക്കാട് നഗരസഭയിലെ മൂന്നാം ഊഴം എന്ന ബിജെപി സ്വപ്നം തകരും. അതിനായി 18 അംഗങ്ങളുള്ള യുഡിഎഫിനെ ഒൻപത് അംഗങ്ങളുള്ള ഇടതുപക്ഷം പിന്തുണയ്‌ക്കേണ്ടതുണ്ട്. ഇരുമുന്നണികളും ഇത്തരമൊരു നീക്കം നടത്തുമോ എന്നത് പാലക്കാടിനെ സംബന്ധിച്ചും നിർണ്ണായകമാണ്.
ഓരോ നിയോജക മണ്ഡലങ്ങളിലെയും തദ്ദേശ സ്ഥാപനങ്ങളിൽ ഏത് മുന്നണികൾക്കാണ് ഭരണം എന്നതിനെ അടിസ്ഥാനപ്പെടുത്തി 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓരോ നിയമസഭാ മണ്ഡലങ്ങളിലും ആര് വിജയിക്കും എന്ന പരിശോധന നടത്തുമ്പോഴും ബിജെപി നേട്ടമുണ്ടാക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. നേമം, കഴക്കൂട്ടം കാസർകോട് എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി വിജയിക്കുമെന്നാണ് ഈ കണക്കുകൾ കാണുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അടിസ്ഥാനത്തിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ലീഡ് നേടിയിരുന്നു. കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം. ആറ്റിങ്ങൽ, കാട്ടാക്കട, മണലൂർ, ഒല്ലൂർ, തൃശ്ശൂർ, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലായിരുന്നു ബിജെപി ഒന്നാമതെത്തിയത്. ഈ സീറ്റുകളെല്ലാം എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റുകളാണെന്നതും ശ്രദ്ധേയമാണ്. ബിജെപിക്ക് ലീഡ് ലഭിച്ച 11 മണ്ഡലങ്ങളിലും കോൺഗ്രസും നിർണ്ണായക ശക്തിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും ഉണ്ടായ അനുകൂല സാഹചര്യം 2026ൽ ഉണ്ടായാൽ ബിജെപി നിയമസഭയിൽ കൃത്യമായ സാന്നിധ്യം അടയാളപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
ഈയൊരു പശ്ചാത്തലത്തിലാണ് ദേശീയ തലത്തിലുള്ള ഇൻഡ്യ സഖ്യത്തിൻ്റെ മാതൃകയിൽ ബിജെപിയെ പ്രതിരോധിക്കാൻ ൽ കോൺഗ്രസും ഇടതുപക്ഷവും കൈകോർക്കുമോ എന്ന ചോദ്യം കേരളത്തിലും ഉയരുന്നത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ സമൂലമായ മാറ്റത്തിന് വഴിതെളിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഇത്തവണ അതിൻ്റെ ഗൗരവം ഇരുമുന്നണികൾക്കും മനസ്സിലായേക്കില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ആ നിലയിലുള്ള ഗൗരവമുള്ള ചർച്ചകൾക്ക് വഴിതെളിച്ചേക്കാമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
Content Highlights: Local Body Election Results Rerala 2025: Did INDIA Alliance Reflect in Kerala