

മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച സിനിമകളിൽ ഒന്നാണ് സമ്മർ ഇൻ ബത്ലഹേം. സിബി മലയിൽ ഒരുക്കിയ ചിത്രം മലയാളത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ്. സുരേഷ് ഗോപി, ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പുറത്തിറങ്ങി 27 വർഷത്തിനിപ്പുറം വീണ്ടും തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ വിശേഷങ്ങൾ പറയുകയാണ് നടി ശ്രീജയ നായർ. സമ്മർ ഇൻ ബത്ലഹേം സിനിമയിൽ അഭിനയിക്കുമ്പോൾ കൂടെ ഉണ്ടായിരുന്നുവർക്ക് എല്ലാം വിഗ് ഉണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് ഉണ്ടായിരുന്നില്ലെന്നും ശ്രീജയ നായർ പറഞ്ഞു.
തനിക്ക് ആഗ്രഹം തോന്നി സിനിമയിലെ പാട്ട് സീനിൽ മഞ്ജു വാര്യരുടെ വിഗ് താൻ വാങ്ങിയിരുന്നുവെന്നും ശ്രീജയ നായർ പറഞ്ഞു. 'എനിക്ക് ലോങ്ങ് ഹെയർ ആയിരുന്നു. മഞ്ജു ആ സിനിമയിൽ വിഗ് വെക്കുമ്പോൾ എനിക്ക് ആഗ്രഹമായിരുന്നു വെക്കാൻ വേണ്ടി. അതിൽ എല്ലാവർക്കും വിഗ് ഉണ്ടായിരുന്നു എനിക്ക് മാത്രമാണ് വിഗ് ഇല്ലാതിരുന്നത്. അപ്പോൾ ഞാൻ സോങ്ങിന്റെ സമയത്ത് മഞ്ജുവിനോട് ചോദിച്ചു ' ഒരു ദിവസം എനിക്ക് ആ വിഗ് തരുമോയെന്ന്. അങ്ങനെ ആ പാട്ടിൽ മാത്രം വിഗ് വെച്ചു. പക്ഷേ കഥാപാത്രമാകുമ്പോൾ വിഗ് പറ്റില്ലല്ലോ. ഒരു പാവം കുട്ടിയാണ് അത്,' ശ്രീജയ നായർ പറഞ്ഞു.

ദേവദൂതൻ, ഛോട്ടാ മുംബൈ, രാവണപ്രഭു പോലെ വലിയ തിരക്ക് സമ്മർ ഇൻ ബത്ലഹേമിന് ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ സിനിമയുടെ റീമാസ്റ്റർ പതിപ്പിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഗംഭീര വിഷ്വൽ ക്വാളിറ്റി ആണ് സിനിമയുടേതെന്നും സൗണ്ടും നന്നായിരിക്കുന്നു എന്നാണ് അഭിപ്രായങ്ങൾ. സിനിമ കണ്ടവർ നല്ല അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിന് മറ്റു റീ റിലീസുകളെപ്പോലെ ആളെക്കൂട്ടാൻ കഴിയുമെന്നാണ് പ്രതീക്ഷ.
മഞ്ജു വാര്യർ, കലാഭവൻ മണി തുടങ്ങിയവര്‍ക്കൊപ്പം മോഹന്‍ലാലിന്റെ അതിഥിവേഷവും ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്നു. സിയാദ് കോക്കർ ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
Content Highlights: Sreejaya Nair shares memories of the movie Summer in Bethlehem