ഒപ്പം കൂട്ടാന്‍ ബിജെപി; മന്ത്രി ശിവന്‍കുട്ടിയെ കണ്ട് പാറ്റൂര്‍ രാധാകൃഷ്ണന്‍; നീക്കമെന്ത്?

ബിജെപി ഒറ്റകക്ഷിയായെങ്കിലും സ്വതന്ത്രരുടെ പിന്തുണ നിർണായകമാണ്

ഒപ്പം കൂട്ടാന്‍ ബിജെപി; മന്ത്രി ശിവന്‍കുട്ടിയെ കണ്ട് പാറ്റൂര്‍ രാധാകൃഷ്ണന്‍; നീക്കമെന്ത്?
dot image

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വതന്ത്രനായി മത്സരിച്ച പാറ്റൂര്‍ രാധാകൃഷ്ണന്റെ നീക്കം നിര്‍ണായകമാണ്. കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ചെങ്കിലും ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ട്. പാറ്റൂരിനെ ഒപ്പം കൂട്ടാനുള്ള നീക്കം ബിജെപി നടത്തിയിരുന്നു. എന്നാല്‍ പാറ്റര്‍ രാധാകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ന് രാവിലെ മന്ത്രി വി ശിവന്‍കുട്ടിയെ പാറ്റൂര്‍ രാധാകൃഷ്ണന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

പിന്തുണ തേടി പലരും വിളിച്ചുവെന്ന് പാറ്റൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രദേശത്തെ ജനങ്ങളുമായി കൂടിയാലോചിച്ച ശേഷം തീരുമാനം എടുക്കും. ജനങ്ങളെ വിളിച്ചുചേര്‍ത്ത് ഇന്ന് യോഗം ചേരും. ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍പില്‍ വയ്ക്കും. വ്യക്തിപരമായ ഒരു ഡിമാന്‍ഡുകളുമില്ല. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പാറ്റൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കണ്ണമൂല വാര്‍ഡില്‍ നിന്നാണ് പാറ്റൂര്‍ രാധാകൃഷ്ണന്‍ വിജയിച്ചത്. പാറ്റൂര്‍ രാധാകൃഷ്ണന് പുറമേ പൗഡ്കടവ് വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച സുധീഷ് കുമാറും വിജയിച്ചിരുന്നു. ബിജെപി അധികാരത്തിലെത്തണമെങ്കില്‍ ഇവരുടെ നീക്കം നിര്‍ണായകമാണ്. ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

101 ഡിവിഷനുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ 100 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വിഴിഞ്ഞത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നാണ് ഒരു വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചത്. ഏത് പ്രതിസന്ധിയിലും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നിരുന്ന കോര്‍പ്പറേഷന്‍ ഇത്തവണ എന്‍ഡിഎക്കൊപ്പം നില്‍ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടത്. എല്‍ഡിഎഫ് സീറ്റ് നില 51ല്‍ നിന്ന് 29ലേക്കാണ് ഇടിഞ്ഞത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായ എന്‍ഡിഎ ഇത്തവണ ഒന്നാം നിരയിലേക്ക് എത്തി. നില മെച്ചപ്പെടുത്താല്‍ കോണ്‍ഗ്രസിനും കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ തവണ 10 സീറ്റുകളിലൊതുങ്ങിയ യുഡിഎഫ് ഇത്തവണ 9 സീറ്റ് അധികം നേടി 19ലേക്കെത്തി.

ഏകദേശം അരനൂറ്റാണ്ടോളം തുടര്‍ച്ചയായി കോര്‍പ്പറേഷന്‍ ഭരണം കയ്യാളിയ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാകുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. പ്രായം കുറഞ്ഞ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഭരണ മികവ് എടുത്തുകാട്ടിയ ഇടതുമുന്നണിയെ തെരഞ്ഞെടുപ്പ് ഫലം ഇരുട്ടില്‍ നിര്‍ത്തുകയായിരുന്നു. കോര്‍പ്പറേഷന്റെ ഭരണത്തിനെതിരെയും അഴിമതി ആരോപണങ്ങളെയും മുന്‍നിര്‍ത്തി ബിജെപി നടത്തിയ സര്‍ജിക്കല്‍ സ്ര്ടൈക്ക് ഫലം കണ്ടുവെന്നുവേണം കരുതാന്‍.

Content Highlights- Bjp contact Pattoor radhakrishnan after he won in thiruvananthapuram corporation election

dot image
To advertise here,contact us
dot image