

തിരുവനന്തപുരം: നടിയെ ആക്രമിച്ചകേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വൈകാൻ കാരണക്കാരി താനാണെന്ന് ഭാര്യ. അദ്ദേഹത്തിന്റെ കാല് പിടിച്ച് പറഞ്ഞിരുന്നു. ഇന്ന് ഓർക്കുമ്പോൾ അത് വേണ്ടായിരുന്നുവെന്ന് തോന്നി. ജീവൻ നഷ്ടപ്പെടും എന്ന് ഉറപ്പിച്ചായിരുന്നു അദ്ദേഹം പോരാട്ടത്തിനിറങ്ങിയതെന്നും ഭാര്യ ഷീബ പറഞ്ഞു. ഐഎഫ്എഫ്‌കെ വേദിയിലെ അവൾക്കൊപ്പമെന്ന ഐക്യദാർഢ്യ സദസിലായിരുന്നു ഷീബയുടെ പ്രതികരണം.
'മൂന്നാമത്തെ ട്രയൽ കഴിഞ്ഞ് പുറത്തിറങ്ങിയ ബാലചന്ദ്രകുമാർ തന്നെ വിളിച്ച് നടിക്ക് കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് പറഞ്ഞു. അതു തന്നെയാണ് ഇപ്പോൾ സംഭവിച്ചത്. കോടതിയിൽനിന്ന് ആ കുട്ടിക്ക് നീതി ലഭിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പ്രതിയെന്ന് പറയുന്ന വ്യക്തിക്കൊപ്പം ഏഴു വർഷത്തോളം ബാലു ഉണ്ടായിരുന്നതിനാൽ തന്നെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നും അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. ജീവൻ നഷ്ടമാകുമെന്ന് അറിഞ്ഞിട്ടുതന്നെയാണ് അദ്ദേഹം ഈ കേസുമായി മുന്നോട്ടുപോയത്. എന്തുകൊണ്ട് ഇത്രയും കാലത്തിനു ശേഷം വെളിപ്പെടുത്തി എന്ന് പലരും ചോദച്ചു. അതിന് കാരണം ഞാനാണ്. ഞാനാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. അദ്ദേഹത്തിന്റെ കാല് പിടിച്ച് കരഞ്ഞ് വൈകിപ്പിച്ചതാണ്. എന്നാൽ അത് പാടില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു' ഷീബ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു പി ബാലചന്ദ്രകുമാർ. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് അദ്ദേഹം അന്തരിച്ചത്.
നടിയെ ആക്രമിച്ച കേസിൽ നിർണ്ണായകമായിരുന്നു ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലുകൾ. റിപ്പോർട്ടറായിരുന്നു ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലുകൾ പുറംലോകത്തെത്തിച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പങ്കാളിത്തം തെളിയിക്കുന്ന നിരവധി ഓഡിയോ സംഭാഷണങ്ങളും അനുബന്ധ തെളിവുകളും ബാലചന്ദ്രകുമാർ പുറത്ത് വിട്ടിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടിരുന്നുവെന്ന നിർണ്ണായക വെളിപ്പെടുത്തലും ബാലചന്ദ്രകുമാർ നടത്തിയിരുന്നു. നടിയെ ആക്രമിച്ചതിൻ്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം എത്തിച്ചേർന്നുവെന്നും ഇത് ദീലീപ് കണ്ടുവെന്നുമായിരുന്നു ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ.
ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന വെളിപ്പെടുത്തലും ബാലചന്ദ്രകുമാർ നടത്തിയിരുന്നു. കോടതിയിൽ ബാലചന്ദ്രകുമാർ ദിലീപിനെതിരെ രഹസ്യമൊഴിയും നൽകിയിരുന്നു. അസുഖബാധിതനായിരിക്കെ ആരോഗ്യസ്ഥിതി പരിഗണിക്കാതെയായിരുന്നു ബാലചന്ദ്രകുമാർ നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണയിൽ പങ്കെടുത്തത്.
ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാർ നടൻ്റെ വീട്ടിലെ അടുപ്പക്കാരനാകുന്നത്. പിന്നീട് നടിയെ ആക്രമിച്ചതിന് ശേഷം നടന്ന പലസംഭവവികാസങ്ങളുടെയും ദൃക്സാക്ഷിയായിരുന്നു ബാലചന്ദ്രകുമാർ.
Content Highlights: Actress attack case; Balachandrakumar's wife says she is the reason behind the delay in his revelation