ആര്യയ്‌ക്കെതിരെ കൂടുതൽ 'ഒളിയമ്പു'കൾ; ചെറുപ്പക്കാർ വരാനുള്ള ഇടപെടൽ നടത്തണമായിരുന്നുവെന്ന് വി കെ പ്രശാന്ത്

കുറച്ചുകൂടി ചലനാത്മകമായി കൊണ്ടുപോകാൻ ശ്രമിക്കാത്തതിന്റെ ഒരു കുറവ് സംഭവിച്ചിട്ടുണ്ടെന്ന് വി കെ പ്രശാന്ത്

ആര്യയ്‌ക്കെതിരെ കൂടുതൽ 'ഒളിയമ്പു'കൾ; ചെറുപ്പക്കാർ വരാനുള്ള ഇടപെടൽ നടത്തണമായിരുന്നുവെന്ന് വി കെ പ്രശാന്ത്
dot image

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ ഒളിയമ്പുമായി വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും രംഗത്ത്. ചെറുപ്പക്കാർക്ക് അവസരം കിട്ടുമ്പോൾ കൂടുതൽ ചെറുപ്പക്കാർ ഉയർന്ന് വരാനുള്ള ഇടപെടൽ നടത്തണമായിരുന്നുവെന്നാണ് പ്രശാന്ത് പറഞ്ഞത്. തോൽവിയുടെ കാരണം കോർപ്പറേഷൻ്റെയും മേയറുടെയും തലയിൽ കെട്ടിവെയ്ക്കാൻ കഴിയില്ലെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു. റിപ്പോർട്ടറിനോടായിരുന്നു വി കെ പ്രശാന്തിൻ്റെ പ്രതികരണം. മേയർ അല്ല പരാജയകാരണമെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്നും കുറച്ചുകൂടി ചലനാത്മകമായി കൊണ്ടുപോകാൻ ശ്രമിക്കാത്തതിന്റെ ഒരു കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് ചർച്ചകളിൽ നിന്ന് മനസ്സിലാക്കുന്നതെന്നും വി കെ പ്രശാന്ത് പറഞ്ഞു.

നേരത്തേ ആര്യക്കെതിരെ വിമർശനവുമായി ഗായത്രി ബാബു രംഗത്തെത്തിയിരുന്നു. 'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയം, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം' എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയർത്തിയത്. ആര്യയുടെ പേര് പറയാതെയായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ഗായത്രിയുടെ വിമർശനം. വിവാദമായതോടെ കുറിപ്പ് പിന്‍വലിച്ചിരുന്നു.

ഗായത്രി ബാബുവിന്റെ വിമർശനത്തെ മന്ത്രി വി ശിവൻകുട്ടിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയും തള്ളിയിരുന്നു. ഗായത്രി ബാബുവിൻ്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു. ഗായത്രിയുടെ പരാമർശം പാർട്ടി പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.

അനവസരത്തിലുള്ള പരമാർശം എന്നും പാർട്ടിയിൽ പറയണമായിരുന്നു എന്നുമായിരുന്നു വി ജോയിയുടെ മറുപടി. ഇതിന് പിന്നാലെ വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണം ഒരിഞ്ച് പിന്നോട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയായിരുന്നു ആര്യാ രാജേന്ദ്രന്റെ പ്രതികരണം.

Content Highlights:

dot image
To advertise here,contact us
dot image