മണ്ണാർക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ആകെ കിട്ടിയത് ഒരു വോട്ട്

അവസാന ഘട്ടത്തിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയത്

മണ്ണാർക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ആകെ കിട്ടിയത് ഒരു വോട്ട്
dot image

പാലക്കാട്: മണ്ണാർക്കാട് നഗരസഭ ഒന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ആകെ ഒരു വോട്ട്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ഫിറോസ് ഖാനിനാണ് ആകെ ഒരു വോട്ട് മാത്രം ലഭിച്ചത്.

ഏറെ വിവാദങ്ങൾ ഉണ്ടായിരുന്ന വാർഡായിരുന്നു ഒന്നാം വാർഡായ കുന്തിപ്പുഴ. നേരത്തെ വാർഡിൽ എൽഡിഎഫ് - വെൽഫെയർ പാർട്ടി ധാരണയെന്ന് ആക്ഷേപമുണ്ടായിരുന്നു. പിന്നാലെ അവസാന ഘട്ടത്തിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയത്. ടി വി ചിഹ്നത്തിലാണ് എൽഡിഎഫ് സ്വതന്ത്രനായി ഫിറോസ് ഖാൻ മത്സരിച്ചത്.

മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ കെ സി അബ്ദുറഹ്മാൻ ആണ് വാർഡിൽ വിജയിച്ചത്. 312 വോട്ടുകളാണ് ലീഗ് നേടിയത്. വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി സിദ്ദിഖിന് ലഭിച്ചത് 179 വോട്ടാണ്. വാർഡിൽ എട്ട് വോട്ട് നേടിയ ബിജെപിക്കും പിന്നിലാണ് ഇടത് സ്വതന്ത്രന്റെ സ്ഥാനം.

അതേസമയം, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കർട്ടൻ റെയ്സറായി കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മേൽക്കൈ. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 504 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 341 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫിന് മുന്നേറ്റം നടത്താനായത്.

26 ഗ്രാമ പഞ്ചായത്തുകളിൽ ബിജെപിയും ശക്തി തെളിയിച്ചു. ആകെയുള്ള 86 മുൻസിപ്പാലിറ്റികളിൽ 54 ഇടത്ത് യുഡിഎഫും 28 ഇടത്ത് എൽഡിഎഫുമാണ് നേട്ടമുണ്ടാക്കിയത്. രണ്ട് മുൻസിപ്പാലിറ്റികളിൽ ബിജെപി നേട്ടമുണ്ടാക്കി. ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് നേട്ടമുണ്ടാക്കിയത്. ബോക്ക് പഞ്ചായത്തിലും യുഡിഎഫ് തന്നെയാണ് നേട്ടമുണ്ടാക്കിയത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് 78, എൽഡിഎഫ് 64 എന്നിങ്ങനെയാണ് മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളിൽ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി.

Content Highlights: ldf independent candidate got only one vote at mannarkad ward one

dot image
To advertise here,contact us
dot image