തോറ്റുവെന്ന് CPIMനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; തെരഞ്ഞെടുപ്പ് ഫലത്തിൽ വി ഡി സതീശൻ

മുഖ്യമന്ത്രി ഇങ്ങനെ തന്നെ പോകണം. നന്നായാൽ യുഡിഎഫിന് ബുദ്ധിമുട്ടാകുമെന്ന് സതീശൻ

തോറ്റുവെന്ന് CPIMനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; തെരഞ്ഞെടുപ്പ് ഫലത്തിൽ വി ഡി സതീശൻ
dot image

കൊച്ചി: മുപ്പത് വർഷത്തിനിടയിൽ യുഡിഎഫിന് ലഭിച്ച ഏറ്റവും മികച്ച തിളക്കമാർന്ന വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന് പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്നും ജനങ്ങളോട് നന്ദി പറയുന്നുവെന്നും സതീശൻ പ്രതികരിച്ചു. നഗര- ഗ്രാമ വ്യത്യാസം ഇല്ലാതെ ജനങ്ങൾ യുഡിഎഫിനെ പിന്തുണച്ചു. വിജയത്തിൽ യുഡിഎഫിന് ഞെട്ടൽ ഉണ്ടായിട്ടില്ല. മധ്യ കേരളത്തിൽ യുഡിഎഫ് വിചാരിച്ചതിനേക്കാൾ വലിയ വിജയമാണ് ഉണ്ടായത്. തിരുവനതപുരം കോർപ്പറേഷനിൽ വോട്ട് ഇരട്ടിയായി. 500ൽ അധികം ഗ്രാമപഞ്ചായത്തുകൾ നേടിയത് ചരിത്ര വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി യുഡിഎഫിനെതിരെ പറഞ്ഞതെല്ലാം സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി. സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന കുറ്റപത്രം ജനം ചർച്ച ചെയ്തു. തിളക്കമാർന്ന വിജയം നിയമസഭയിലും ഉണ്ടാകും. എന്നാൽ തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്. അവർ അത് സമ്മതിക്കില്ല. ഇഎംഎസിന്റെ കാലം മുതലുള്ള രീതിയാണത്.
താത്വികമായ അവലോകനം നടത്തി പറയാൻ എം വി ഗോവിന്ദൻ വിദഗ്ധനാണെന്നും സതീശൻ പറഞ്ഞു.

ഭൂരിപക്ഷ പ്രീണനത്തിലൂടെ നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന് പിണറായി വിജയൻ കണക്കുകൂട്ടി.
തീക്കൊള്ളി കൊണ്ട് തല ചൊറിയലാണ് അതെന്ന് യുഡിഎഫ് മുന്നറിയിപ്പ് നൽകിയതാണ്. ന്യൂനപക്ഷ പ്രീണനം മാറ്റി ഭൂരിപക്ഷ പ്രീണനം സിപിഐഎം ചെയ്തു. 1987ൽ ഇഎംഎസ് ചെയ്ത പോലെയാണ് പിണറായി തന്ത്രങ്ങൾ മെനഞ്ഞതെന്നും വി ഡി സതീശൻ പറഞ്ഞു.

തിരുവനന്തപുരത്ത് ബിജെപിയുടെ വഴികളിൽ താമര ഇതളുകൾ വിതറി അവർക്ക് വരാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തത് സിപിഐഎം ആണ്. വെള്ളാപ്പള്ളിയുടെ വിവാദ പരാമർശങ്ങൾ മുഖ്യമന്ത്രി പിന്തുണച്ചത് സംസ്ഥാന വ്യാപകമായി അവർക്ക് തിരിച്ചടിയായി. കേരളത്തിന്‍റേത് മതേതര മനസാണ്. വർഗീയത ആര് പറഞ്ഞാലും യുഡിഎഫ് എതിർക്കും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളുടെ മനസിലിരിപ്പാണ് എം എം മണി പറഞ്ഞത്.
അവരുടെ വീട്ടിൽ നിന്ന് പണം നൽകിയാണ് ഈ ഔദാര്യങ്ങൾ കൊടുക്കുന്നത് എന്നാണ് അവരുടെ ധാരണ. ഹീനമായ രീതിയിലാണ് അവർ ചിന്തിക്കുന്നതെന്നും സതീശൻ പറഞ്ഞു.

ഇപ്പോഴത്തെ യുഡിഎഫ് വലിയ പൊളിറ്റിക്കൽ പ്ലാറ്റ്ഫോം ആണ്. രാഷ്ട്രീയത്തിന് അതീതമായി കേരളത്തിൽ നല്ല ഭരണം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന നിരവധി ഘടകങ്ങൾ ചേർന്നതാണ് യുഡിഎഫ് എന്നും സതീശൻ വ്യക്തമാക്കി. അതേസമയം കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് എത്തിക്കുമെന്ന സൂചനയും സതീശൻ നൽകി. 2016 ൽ കൂടെ ഇല്ലാതിരുന്ന ഒരുപാട് സാമൂഹിക ഘടഘങ്ങൾ വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിൽ നിന്നും എൻഡിഎയിൽ നിന്നും പല ഘടക കക്ഷികൾ യുഡിഎഫിൽ വരും. 100 സീറ്റിലധികം നേടിയെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. ഇടതു മുന്നണി കേരളത്തിൽ ശിഥിലമാകും. തിരുവനന്തപുരം കോർപ്പറേഷനിലെ നീക്കുപോക്ക് ഉൾപ്പടെ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സതീശൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന മുൻ പ്രതികരണം വി ഡി സതീശൻ ആവർത്തിച്ചു. മുഖ്യമന്ത്രി ഇങ്ങനെ തന്നെ പോകണം. നന്നായാൽ യുഡിഎഫിന് ബുദ്ധിമുട്ടാകുമെന്ന് സതീശൻ പരിഹസിച്ചു. കേരളത്തിൽ ഇന്നേ വരെ ഒരു മുന്നണിയും പറയാത്ത കാര്യം യുഡിഎഫ് പറയും, കേരളം നന്നാക്കാനുള്ള വഴികൾ യുഡിഎഫ് ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2020ലും 2015ൽ ഉൾപ്പടെ മലപ്പുറത്ത് സാമ്പാർ മുന്നണി ആയിരുന്നു. ഇപ്രാവശ്യം ടീം യുഡിഎഫ് ആയപ്പോൾ വലിയ വിജയം കിട്ടി. തെരഞ്ഞെടുപ്പ് ദിനത്തിൽ ഉൾപ്പടെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തിയതിലൂടെ എൽഡിഎഫാണ് പ്രതിരോധത്തിൽ ആയതെന്നും വിഡി സതീശൻ പറഞ്ഞു. കോൺഗ്രസ് അഭിമാനത്തിൽ തല ഉയർത്തിയാണ് നിൽക്കുന്നത്. ഏറ്റവും കൂടുതൽ സ്ത്രീ ലമ്പടന്മാർ ഉള്ളത് സിപിഐഎമ്മിലാണ്. അതൊക്കെ ആളുകൾ എണ്ണി നോക്കിയിട്ട് ഉണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.

Content Highlights: VD Satheesan reacts on local body election result

dot image
To advertise here,contact us
dot image