എഴുപത്തിയഞ്ചാം വയസിൽ ആദ്യമായി സ്വന്തം നാട്ടിൽ ജനവിധി തേടി; 'മമ്പറം' തുണച്ച് മമ്പറം ദിവാകരന്‍റെ വിജയം

2016ൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധർമ്മടത്ത് UDF സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് മമ്പറം ദിവാകരൻ

എഴുപത്തിയഞ്ചാം വയസിൽ ആദ്യമായി സ്വന്തം നാട്ടിൽ ജനവിധി തേടി;  'മമ്പറം' തുണച്ച് മമ്പറം ദിവാകരന്‍റെ വിജയം
dot image

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനെതിരെ മത്സരിച്ച ചരിത്രമുള്ള കോൺഗ്രസ് നേതാവ് മമ്പറം ദിവാകരന് 507 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. സ്വന്തം നാടായ വേങ്ങാട് പഞ്ചായത്തിലെ 15ാം വാർഡായ മമ്പറത്തുനിന്നാണ് നേതാവിന്റെ വിജയം. എഴുപത്തിയഞ്ചാം വയസിൽ ഇത് ആദ്യമായാണ് മമ്പറം ദിവാകരൻ സ്വന്തം ഗ്രാമപഞ്ചായത്തിൽ ജനവിധി തേടുന്നത്. 839 വോട്ടിനാണ് വിജയം. എൽഡിഎഫിന്റെ പൊന്നമ്പത്ത് കുമാരന് 332 വോട്ടാണ് ലഭിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് മമ്പറം.

2016ൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് മമ്പറം ദിവാകരൻ. നേരത്തെ തലശ്ശേരി ഇന്ദിരാഗാന്ധി സഹരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് മമ്പറം ദിവാകരന് പാർട്ടി നടപടി നേരിടേണ്ടി വന്നിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയും അന്നത്തെ കെപിസിസി പ്രസിഡന്റുമായ കെ സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.

1987 കാലഘട്ടത്തിൽ കീഴത്തൂരിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് 16 വോട്ടിന് തോറ്റ മമ്പറം ദിവാകരൻ 1995ൽ ഇരിക്കൂരിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് 1400 വോട്ടിന് വിജയിച്ചു കയറി. എന്നാൽ പിന്നീട് രണ്ട് തവണയായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയം തുണച്ചില്ല.

എൽഡിഎഫിന്റെ കുത്തക പഞ്ചായത്തായ വേങ്ങാട് ഇത്തവണ യുഡിഎഫ് വലിയ മുന്നേറ്റമാണ് തീർത്തത്. 23 വാർഡുകളിൽ ഏഴ് എണ്ണത്തിൽ യുഡിഎഫ് വിജയിച്ചു. 2020ൽ ആകെയുള്ള 21 വാർഡിൽ 17 വാർഡുകൾ എൽഡിഎഫും നാല് വാർഡ് യുഡിഎഫിനുമായിരുന്നു.

Content Highlights: Mambaram Divakaran won at vengad mambaram ward

dot image
To advertise here,contact us
dot image