പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചില്ല,പ്രോസിക്യൂഷന് വീഴ്ച്ച സംഭവിച്ചിട്ടില്ല; ശിക്ഷാവിധിയിൽ പ്രതികരിച്ച് ഇടത് നേതാക്കൾ

'പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച്ചയില്ലാത്തതിനാലാണ് ആറ് പ്രതികള്‍ക്കും ശിക്ഷ ലഭിച്ചത്'

പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചില്ല,പ്രോസിക്യൂഷന് വീഴ്ച്ച സംഭവിച്ചിട്ടില്ല; ശിക്ഷാവിധിയിൽ പ്രതികരിച്ച് ഇടത് നേതാക്കൾ
dot image

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാന്‍. പ്രമാദമായ കേസില്‍ ശിക്ഷയില്‍ കുറവുണ്ടോ എന്ന് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സജി ചെറിയാന്‍ പറഞ്ഞു. സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച്ചയില്ലാത്തതിനാലാണ് ആറ് പ്രതികള്‍ക്കും ശിക്ഷ ലഭിച്ചതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

'അപ്പീല്‍ പോകാമെന്ന കാര്യം നേരത്തെ തന്നെ അറിയിച്ചതാണ്. എന്തുകൊണ്ട് പരമാവധി ശിക്ഷ ലഭിച്ചില്ല എന്നതാണ് സംശയം. കോടതി വിധി പരിശോധിച്ച് പഠിക്കാതെ ഒന്നും പറയാന്‍ കഴിയില്ല. പല കേസുകളിലും പല തരത്തിലുള്ള വിധികള്‍ വന്നിട്ടുണ്ട്. പരമാവധി ശിക്ഷ ലഭിക്കണം എന്നതാണ് ആഗ്രഹം. മറ്റുള്ളവരെ വിട്ടയച്ചത് കോടതി വിധി പഠിച്ച ശേഷമേ പറയാന്‍ കഴിയൂ.' സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അതിജീവിതയുടെ പോരാട്ടത്തെ അഭിമാനപൂര്‍വം കാണുന്നുവെന്നും വിധി നിരാശപ്പെടുത്തിയെന്നും ബിനോയ് വിശ്വം പറഞ്ഞു. 'സ്ത്രീത്വത്തിന്റെ മഹത്വം ഉയര്‍ത്തുന്ന വിധിയല്ല. വിധി വന്നതിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. സര്‍ക്കാര്‍ ഒരിക്കലും നിസംഗമായി നില്‍ക്കില്ല. സത്യം പുറത്തുവരും.' ബിനോയ് വിശ്വം വ്യക്തമാക്കി.

'കോടതിയില്‍ നിന്നും ഇനിയും ഉത്തരങ്ങള്‍ ലഭിക്കാനുണ്ട്. കുറ്റക്കാരെ തുണച്ചത് ആരാണ്? വന്‍ മീനുകളെ വെറുതെ വിട്ടു. മെമ്മറി കാര്‍ഡിന് എന്തുപറ്റി. കോടതിയുടെ സേഫ് കസ്റ്റഡിയില്‍ നിന്ന് കാര്‍ഡ് ചോര്‍ന്നു. പെണ്ണിന്റെ അന്തസിന് ഇതാണോ വില. ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണം. സിപിഐ അവസാനം വരെ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കും. അന്തസോടെ പോരാടണം. പെണ്ണിന്റെ മാനത്തിന് ലക്ഷങ്ങള്‍ കൊണ്ട് വിലയിടാനാവില്ല. പ്രോസിക്യൂഷന് വീഴ്ച്ച സംഭവിച്ചിട്ടില്ല.' ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ ഇങ്ങനെ ഒരു വിധിയല്ല പ്രതീക്ഷിച്ചതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. ശിക്ഷ വിധിയില്‍ തൃപ്തയല്ലെന്നും ജീവപര്യന്തമാണ് പ്രതീക്ഷിച്ചതെന്നും പി കെ ശ്രീമതി വ്യക്തമാക്കി. ആര് ചെയ്തു ആര് ചെയ്തില്ല എന്ന ചോദ്യത്തിന് സ്ഥാനമില്ലെന്നും കൂട്ടബലാത്സംഗമാണ് നടന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. 'അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന് വീഴ്ച്ച സംഭവിച്ചു എന്ന് കരുതുന്നില്ല.' പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.

Content Highlight; Left leaders react to the conviction in the actress attack case

dot image
To advertise here,contact us
dot image