പാലക്കാട് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം, ഒരാൾക്ക് ഗുരുതര പരിക്ക്; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്

പാലക്കാട് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം, ഒരാൾക്ക് ഗുരുതര പരിക്ക്; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
dot image

പാലക്കാട്: കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തിൽ അഞ്ച് ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവർത്തകരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് ബിജെപി പ്രവർത്തകർ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്‌യു പ്രവർത്തകർ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്.1,53,37,176 കോടി വോട്ടര്‍മാരാണ് ഏഴ് ജില്ലകളില്‍ വിധിയെഴുതുന്നത്. ഇതില്‍ 80.92 ലക്ഷം പേര്‍ സ്ത്രീകളും 72.47 ലക്ഷം പേര്‍ പുരുഷന്മാരുമാണ്. 470 പഞ്ചായത്തുകളിലെ 9,027 വാര്‍ഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തുകളിലെ 182 ഡിവിഷനിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

Content Highlights: Attack on Congress leader's house in Palakkad: Congress alleges BJP behind it

dot image
To advertise here,contact us
dot image