

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കോൺഗ്രസും യുഡിഎഫും അതിജീവിതയ്ക്ക് ഒപ്പമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ഈ കേസിൽ ഗൂഢാലോചനാ ഭാഗം തെളിയിക്കാൻ കഴിയാത്തത് പ്രോസിക്യൂഷന്റെയും അന്വേഷണ ഏജൻസിയുടെയും പരാജയമാണ്. ഇക്കാര്യത്തിൽ സർക്കാർ അപ്പീൽ ഫയൽ ചെയ്ത് മുഴുവൻ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും നിലപാട്. ഇക്കാര്യം കഴിഞ്ഞ ദിവസം കോടതി വിധി വന്നപ്പോൾ തന്നെ താനും പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടതാണ്. എന്നാലതിന് വ്യത്യസ്തമായി യുഡിഎഫ് കൺവീനർ പറഞ്ഞുവെന്ന രീതിയിൽ പുറത്തുവന്ന വാർത്ത അദ്ദേഹം തന്നെ തിരുത്തുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു നിലപാട് കോൺഗ്രസിന്റെയും യുഡിഎഫിന്റെതും അല്ലെന്ന് താൻ വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ സിപിഐഎം നടത്തുന്ന ദുഷ്പ്രചരണങ്ങൾ വിലപ്പോകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി ലഭിച്ചെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം.
Content Highlights : KPCC President Sunny Joseph says Congress and UDF are with the survivor in the actress attack case