

തിരുവനന്തപുരം: അഭിപ്രായ സർവേ പങ്കുവെച്ച് വെട്ടിലായ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്‌ക്കെതിരെ നടപടി ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കളക്ടറോടും റിട്ടേണിങ് ഓഫീസറോടും തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഒന്നാംഘട്ട പോളിങ് നടന്ന ഇന്ന് രാവിലെയാണ് ഫേസ്ബുക്കിൽ എൻഡിഎയ്ക്ക് മുൻതൂക്കം നൽകുന്ന അഭിപ്രായ സർവേ ആർ ശ്രീലേഖ പങ്കുവെച്ചത്. ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മുൻ ഐപിഎസ് ഓഫീസർ കൂടിയായ ആര്‍ ശ്രീലേഖ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
'തിരുവനന്തപുരം കോർപ്പറേഷൻ എൻഡിഎയ്‌ക്കൊപ്പം, ജനഹിതം ഇങ്ങനെയാവട്ടെ…' എന്ന കുറിപ്പും ശ്രീലേഖ പങ്കുവെച്ചിരുന്നു. നേരത്തെ വിരമിച്ചിട്ടും സ്ഥാനാര്‍ത്ഥി പോസ്റ്ററില്‍ ഐപിഎസ് എന്ന് ചേര്‍ത്തതിന് പിന്നാലെ ശ്രീലേഖ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെ പോസ്റ്ററുകളില്‍ മാര്‍ക്കര്‍ ഉപയോഗിച്ച് റിട്ടയേര്‍ഡ് എന്ന് എഴുതി ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചട്ടവിരുദ്ധ നടപടിയുമായി ശ്രീലേഖ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ശ്രീലേഖ ബിജെപി അംഗത്വം സ്വീകരിച്ചത്. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രനില്‍ നിന്നാണ് ശ്രീലേഖ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ചേര്‍ത്തല എസ്പിയായി ഒദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ശ്രീലേഖ തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെയാണ് ശ്രീലേഖ സര്‍വീസില്‍നിന്ന് വിരമിച്ചത്.
Content Highlights: election commission starts punishment procedure againsty R Sreelekha