

ഇടുക്കി: പ്രായം നൂറു കടന്നെങ്കിലും തന്റെ അവകാശങ്ങളെ കുറിച്ചുള്ള വ്യക്തമായ ബോധ്യവുമായാണ് ആന്റണി വർക്കി പൗവ്വത്ത് ഇത്തവണയും വോട്ട് രേഖപ്പെടുത്താനെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ശാന്തിഗ്രാം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെത്തിയാണ് ഈ 104 വയസുകാരൻ വോട്ട് രേഖപ്പെടുത്തിയത്. നടക്കാൻ സഹായത്തിന് കൂടെ ആളുവേണമെങ്കിലും തന്‍റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് ഇന്നും ഒളിമങ്ങാത്ത ഓർമകളുണ്ട് ഇദ്ദേഹത്തിന്.
വോട്ട് ആരംഭിച്ച അന്നു തൊട്ട് ഇന്നുവരെ വോട്ട് ചെയ്യുന്നുണ്ട്. ആദ്യം കോൺഗ്രസ് ആയിരുന്നു. കേരള കോൺഗ്രസ് ഉണ്ടായ അന്നുമുതൽ ആ പാർട്ടിയിലാണെന്നും ആന്റണി വർക്കി പറഞ്ഞു. മാണി സാറിനെ അറിയാം അദ്ദേഹത്തിന്‍റെ വീട്ടിലെല്ലാം പോയിട്ടുണ്ട്. എല്ലാ തവണയും വോട്ട് ചെയ്തിട്ടുണ്ട്. പത്ത് വർഷത്തോളം പഞ്ചായത്ത് മെമ്പറായിരുന്നുവെന്നും ആന്റണി വർക്കി പറയുന്നു.
ആന്റണി വർക്കിയുടെ വോട്ട് രേഖപ്പെടുത്തൽ ജില്ലാ കളക്ടറും ഏറ്റെടുത്തു. വോട്ട് ചെയ്യുന്ന ആന്റണി വർക്കിയുടെ ചിത്രം കളക്ടർ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു.
Content Highlights : 104 year old voter at idukki