ദിലീപ് മറക്കാത്ത മഞ്ജു വാര്യറുടെ ആ വാക്കുകള്‍: എട്ട് വർഷങ്ങള്‍ക്ക് മുമ്പ് നടി പറഞ്ഞത്

യഥാർത്ഥത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യമായി പറഞ്ഞത് മഞ്ജു വാര്യറാണ്

ദിലീപ് മറക്കാത്ത മഞ്ജു വാര്യറുടെ ആ വാക്കുകള്‍:  എട്ട് വർഷങ്ങള്‍ക്ക് മുമ്പ് നടി പറഞ്ഞത്
dot image

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടത്തിയ ആദ്യ പ്രതികരണത്തില്‍ മഞ്ജു വാര്യരേയും അന്വേഷണ സംഘത്തേയും വിമർശിക്കുകയാണ് ദിലീപ് ചെയ്തത്. 'ഈ കേസില്‍ ക്രിമനല്‍ ഗൂഡാലോചനയുണ്ട്. അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചത്' ദിലീപ് കോടതി വളപ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.

'കേസില്‍ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണ്. ജയിലിലായിരുന്ന പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നു. ഒരു മേല്‍ ഉദ്യോഗസ്ഥനും ക്രിമിനല്‍ പൊലീസ് സംഘവും ചേർന്നാണ് അത് നടപ്പിലാക്കിയത്. കേസിലെ പ്രധാന പ്രതിയേയും അയാളുടെ കൂട്ടാളികളേയും ചേർത്തുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആ കള്ളക്കഥ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു' - എന്നും ദിലീപ് പറഞ്ഞു.

യഥാർത്ഥത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യമായി പറഞ്ഞത് മഞ്ജു വാര്യറാണ്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ എറണാകുളം ദർബാർ ഹാളില്‍ 'അമ്മ' നടത്തിയ ഐക്യദാർഢ്യ സമ്മേളനത്തില്‍ മഞ്ജു വാര്യറുടെ പ്രതികരണം. ഈ പരാമർശമാണ് കുറ്റവിമുക്തമാക്കപ്പെട്ടതിന് പിന്നാലെ ദിലീപ് സൂചിപ്പിച്ചിരിക്കുന്നത്.

'ഇവിടെ ഇരിക്കുന്ന പലരെയും, ഞാനടക്കമുള്ള പലരെയും പല അര്‍ധരാത്രികളിലും അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ സുരക്ഷിതരായി കൊണ്ടാക്കിയ ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരെയും അങ്ങനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതുമാത്രമല്ല, ഒരുസ്ത്രീക്ക് വീടിന് അകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെയെന്ന് എല്ലാവരോടും അഭ്യര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു'' എന്നായിരുന്നു മഞ്ജു വാര്യറുടെ വാക്കുകള്‍.

കേസിലെ ഒന്നാം പ്രതി പള്‍സർ സുനി അറസ്റ്റിലായതിന് പിന്നാലെ മഞ്ജു വാര്യർ തന്‍റെ നിലപാട് കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. മുഖ്യപ്രതിയെ പിടികൂടാന്‍ സാധിച്ചത് വലിയ കാര്യമാണ്. എന്നാല്‍ ഇത് ഒരിക്കലും വളരെ യാദൃച്ഛികമായി നടന്ന ഒരു കാര്യമാണെന്ന് ആര്‍ക്കും തോന്നുന്നില്ല. വളരെ ആസൂത്രിതമായി നടന്ന കുറ്റകൃത്യം തന്നെയാണ്. അങ്ങനെയാണ് ഞാനും നിങ്ങളെല്ലാവരും മനസിലാക്കിയത്. ഇതില്‍ കൂടുതല്‍ അന്വേഷണം നടന്ന് എല്ലാസത്യങ്ങളും പുറത്തുവരുമെന്ന പൂര്‍ണവിശ്വാസം എനിക്കുണ്ടെന്നായിരുന്നു താരത്തിന്‍റെ അന്നത്തെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളുമായിരുന്നു മഞ്ജു വാര്യർ. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് കനത്ത വൈരാഗ്യമുണ്ടായിരുന്നു മഞ്ജു വാര്യറുടെ മൊഴി. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം തന്നോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് സംശയിച്ചു. ദിലീപ്-കാവ്യ ബന്ധം കണ്ടെത്തിയത് മൊബൈൽ ഫോണിൽ നിന്നാണെന്നും ദിലീപിന്റെ സംസാരത്തിൽ ഇക്കാര്യം മനസ്സിലായെന്നും മഞ്ജു മൊഴി നൽകിയിരുന്നു. സിനിമയിൽ നിന്നും മനപ്പൂർവ്വം ഒഴിവാക്കിയതായും ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നുവെന്ന് മഞ്ജു മാര്യർ മൊഴി നൽകി. ഇവയെല്ലാം കേസിൽ നിർണായകമായി.

Content Highlights: Dileep Actress Case: The Words From Manju Warrier That Dileep Says He Will Never Forget

dot image
To advertise here,contact us
dot image