

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുന്നു. കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും രാഹുലിനെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ല. രാഹുലിനെ പിടികൂടാൻ കോടതി പരിസരങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. കീഴടങ്ങും മുൻപ് രാഹുലിനെ പിടികൂടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അവസാനമായി രാഹുലിന്റെ ലൊക്കേഷൻ ലഭിച്ചത് കർണാടക അതിർത്തിയിലെ സുള്ള്യയിലാണ്. അതിനാൽ തന്നെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്.
അതേസമയം കീഴടങ്ങാനുള്ള നീക്കം രാഹുൽ ഉപേക്ഷിച്ചെന്ന നിഗമനത്തിൽ എസ്ഐടി സംഘം എത്തിയതായും സൂചനയുണ്ട്. ഇന്നലെ രാഹുൽ കേരള- കർണാടക അതിർത്തിയിൽ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു. കീഴടങ്ങാനാണ് ഇവിടെ എത്തിയതെന്നായിരുന്നു എസ്ഐടിക്ക് ലഭിച്ച വിവരം. സുള്ള്യ കേന്ദ്രീകരിച്ചത് രാത്രിയിലും പൊലീസ് പരിശോധന നടത്തിയിരുന്നു. കുടകിലും രാഹുലിന് സഹായം ലഭിച്ചെന്നാണ് വിവരം.
അതേസമയം തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാനിരിക്കയാണ് രാഹുൽ. ഇന്ന് അഭിഭാഷകൻ മുഖേന രാഹുൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും. രാഹുലിനെതിരായ രണ്ടാമത്തെ പരാതിയിൽ എസ്‌ഐടി നടപടികൾ വേഗത്തിലാക്കി. കേസിൽ രാഹുലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെന്നി നൈനാനെ കൂടി പ്രതിചേർക്കും. അതിജീവിത പരാതിയിൽ ഫെന്നി നൈനാന്റെ പേര് പരാമർശിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്റ്റേയിൽ എത്തിച്ച് തന്നെ പീഡിപ്പിച്ചെന്നും അവിടേക്ക് കൊണ്ടുപോകാനായി വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാൻ ഉണ്ടായിരുന്നെന്നും കാർ ഓടിച്ചത് അദ്ദേഹമാണെന്നും അതിജീവിത പരാതിയിൽ പറഞ്ഞിരുന്നു. പ്രതിചേർത്താൽ അടൂർ നഗരസഭയിലെ പോത്രാട് എട്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഫെന്നിക്ക് ഇത് തിരിച്ചടിയാകും.
കേസിൽ എത്രയും പെട്ടെന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. പരാതിക്കാരിയുടെ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ പരാതി ലഭിച്ച മെയിൽ ഐഡിയിലേക്കാണ് പൊലീസ് നോട്ടീസ് അയച്ചത്. മൊഴി നൽകാനാകുന്ന സമയവും സ്ഥലവും അറിയിക്കണമെന്നാണ് പൊലീസ് അതിജീവിതയ്ക്ക് അയച്ച നോട്ടീസിൽ പറയുന്നത്. കെപിസിസി പ്രസിഡന്റിന് അതിജീവിത അയച്ച പരാതി വന്ന അതേ മെയിൽ ഐഡിയിലേക്കാണ് പൊലീസ് നോട്ടീസ് അയച്ചത്. യുവതി സന്നദ്ധത അറിയിച്ചാൽ ഉടൻ മൊഴി രേഖപ്പെടുത്തും. പരാതിയിൽ പറയുന്ന ഹോം സ്റ്റേ കണ്ടെത്താനുള്ള നീക്കവും അന്വേഷണ സംഘം നടത്തുന്നുണ്ട്.
Content Highlights: Rahul Mamkootathil will submit An anticipatory bail application at High Court