

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം മാറ്റിവെച്ചതിൽ പ്രതികരിച്ച് പലാഷിന്‍റെ സഹോദരിയും ഗായികയുമായ പലാക് മുച്ചല്‍. സ്മൃതിയുടെയും പലാഷിന്റെയും കുടുംബങ്ങൾ വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ പലാക് പോസിറ്റീവായ കാര്യങ്ങൾ മാത്രം പ്രചരിപ്പിക്കണമെന്ന് ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാഹം മാറ്റിവച്ചതിനെ കുറിച്ച് പലാകിന്റെ പ്രതികരണം.
'ഞങ്ങളുടെ കുടുംബങ്ങൾ വളരെ വളരെ കഷ്ടമേറിയ ഒരു സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഞാൻ കരുതുന്നു. ഈ സമയത്ത് നമ്മൾ പോസിറ്റീവിറ്റിയിൽ വിശ്വസിക്കുകയും കഴിയുന്നത്ര പോസിറ്റീവിറ്റി പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ഞാൻ ആവർത്തിക്കുകയാണ്. സ്ട്രോങ്ങായി തുടരുക', പലാക് പറഞ്ഞു.
സ്മൃതി മന്ദാനയുടെ പിതാവിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിവാഹം തത്ക്കാലത്തേക്ക് മാറ്റിവെച്ചതാണെന്നും ഈ ബുദ്ധിമുട്ടേറിയ സമയത്ത് എല്ലാവരും ഇരുകുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്നും പലാക് മുച്ചല്‍ നേരത്തെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പലാകിന്‍റെ പ്രതികരണം.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം മാറ്റിവെച്ചതിനെത്തുടർന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്. വിവാഹദിനം തന്നെ സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതുമൂലമാണ് വിവാഹം മാറ്റിവച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളെങ്കിലും പിന്നാലെ സ്മൃതിയെ പലാഷ് വഞ്ചിച്ചതാണ് കാരണമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നു. പലാഷുമായുള്ള സ്വകാര്യ ചാറ്റുകൾ മേരി ഡി കോസ്റ്റ എന്ന യുവതി പുറത്തുവിട്ടത് അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി.
വിവാഹം മാറ്റിവച്ചതിന് പിന്നാലെ പലാഷുമൊത്തുള്ള വീഡിയോകൾ സ്മൃതി സോഷ്യൽ മീഡിയയിൽ നിന്നു നീക്കം ചെയ്തിരുന്നു. ഇതിനു പുറമേയാണ് പലാശിന്റേതെന്ന പേരിൽ ചില ചാറ്റുകളും സ്ക്രീൻഷോട്ടുകളും പ്രചരിച്ചത്. പുതുക്കിയ വിവാഹതീയതിയെ കുറിച്ച് ഇരുകുടുംബങ്ങളും പ്രതികരിക്കാതെ കൂടി വന്നതോടെ സ്മൃതിയും പലാഷും തമ്മിലുള്ള വിവാഹം ഒരിക്കലും നടക്കില്ലെന്നും അഭ്യൂഹങ്ങളുയർന്നു.
Content Highlights: Palak Muchhal Breaks Silence On Palaash's Cancelled Wedding With Smriti Mandhana