ഒരു ഡിസംബർ നാലിന് എംഎൽഎ, ഒരു വർഷത്തിനിപ്പുറം അതേ ദിനത്തിൽ പാർട്ടിക്ക് പുറത്തേക്ക്; രാഹുലിന്‍റെ ' വിധി'

രാഹുൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് ഒരു വർഷത്തിനിപ്പുറം അതേ ദിനത്തിലാണ് രാഹുലിനെ പുറത്താക്കുന്നത്

ഒരു ഡിസംബർ നാലിന് എംഎൽഎ, ഒരു വർഷത്തിനിപ്പുറം അതേ ദിനത്തിൽ പാർട്ടിക്ക് പുറത്തേക്ക്; രാഹുലിന്‍റെ ' വിധി'
dot image

തിരുവനന്തപുരം: കോൺഗ്രസിന് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന യുവ നേതാക്കളിലൊരാളാണ് ലൈംഗിക പീഡന പരാതിക്ക് പിന്നാലെ പാർട്ടിയിൽനിന്നും പുറത്താക്കപ്പെടുന്ന രാഹുൽ മാങ്കൂട്ടത്തിൽ. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിസന്ധിയുടെ കയത്തിലാഴ്ത്തുന്ന കേസുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത്. ലൈംഗിക പീഡന പരാതിയിൽ പാർട്ടി രാഹുലിനെ പുറത്താക്കുമ്പോൾ അത് അദ്ദേഹം എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാണ് എന്നതാണ് ശ്രദ്ധേയം.

കെഎസ്‌യുവിന്റെ കൊടിപിടിച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച രാഹുൽ പാലക്കാട് നിന്ന് നിയമസഭയിലേക്ക് അൻപത്തി എട്ടായിരത്തിലധികം വോട്ട് നേടിയാണ് വിജയം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് മത്സരം നടന്ന പാലക്കാട്, കോൺഗ്രസിനെ അഭിമാനത്തിലേറ്റിയ നിമിഷമായിരുന്നു രാഹുലിന്‍റെ വിജയം. എന്നാൽ ആ അഭിമാനം സമ്മാനിച്ച രാഹുൽ തന്നെ, തന്റെ വ്യക്തിജീവിതത്തിലെ പാളിച്ചകളിലൂടെ ഒടുവിൽ പാർട്ടിയെ കളങ്കപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് എത്തി.

കെഎസ്‌യുവെന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഹുൽ രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെച്ചത്. 2006ൽ പത്തനംതിട്ട കതോലിക്കറ്റ് കോളജിലെ പഠനത്തിനിടെയാണ് കെഎസ്‌യുവിന്റെ ചുവടുപറ്റി രാഹുൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2009 മുതൽ 2017 വരെ കെഎസ്‌യുവിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി. 2017ൽ കെഎസ്‌യു ജില്ലാ പ്രസിഡന്റായി. 2017-18ൽ സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിലേക്ക്.

2018ൽ എൻഎസ്‌യുവിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി. 2020ൽ കെപിസിസി അംഗവും സംസ്ഥാന വക്താവുമായി. പാർട്ടിക്കുവേണ്ടി ചാനൽ ചർച്ചകളിലെ നിറസാന്നിധ്യമായി. എം ജി സർവകലാശാലയിലെ യൂണിയൻ കൗൺസിലറായിരുന്ന രാഹുൽ 2023 നവംബർ 14നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകുന്നത്. 2024 നവംബറിലെ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ18,840 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2024 ഡിസംബർ 4ന് പാലക്കാട് എംഎൽഎയായി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു.

2025 ഓഗസ്റ്റ് 21ന് ലൈംഗിക പീഡന തെളിവുകൾ പുറത്തുവന്നതോടെ സമ്മർദത്തിന് വഴങ്ങി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു. ഓഗസ്റ്റ് 25ന് കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇന്ന് (ഡിസംബർ 04ന്) രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. എംഎൽഎയായി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസമാണ് രാഹുലിനെ പാർട്ടി പുറത്താക്കുന്നത്. പാർട്ടി പുറത്താക്കിയതോടെ രാഹുലിന് നിയമസഭാ അംഗത്വം രാജിവെക്കേണ്ടി വരും. രാഹുൽ സ്വയം രാജിവെക്കണമെന്നാണ് നേതൃത്വത്തിന്‍റെ ആവശ്യം.

Content Highlights : Rahul Mamkootathil political life and journey

dot image
To advertise here,contact us
dot image