

കൊച്ചി: കൊച്ചി നഗരത്തെ മൂടി പുകമഞ്ഞ്. വൈറ്റില, തൈക്കൂടം, ഏലൂർ, കളമശേരി തുടങ്ങി വിവിധ സ്ഥലങ്ങളിലെല്ലാം കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. പുകമഞ്ഞിൽ വലിയ ആശങ്കവേണ്ടതില്ലെന്നും എന്നാൽ ചിലയിടങ്ങളിൽ ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. എം ജി മനോജ് റിപ്പോർട്ടറിനോട് പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിൽ മാത്രമല്ല മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമൊക്കെ ചൂട് കുറയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ചെന്നൈ തീരത്തുണ്ടായ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മേഘാവൃതമായ അന്തരീക്ഷമുണ്ട്. മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ പൊടിപടലവും മലിനീകരണവും ചേരുമ്പോൾ അത് ആരോഗ്യത്തിന് നല്ലതല്ല. ഡൽഹി പോലുള്ള വൻ നഗരങ്ങളിലേതു പോലുള്ള സാഹചര്യം കൊച്ചിയിലില്ല. ഇവിടെ ദൃശ്യമാകുന്നത് പുക മഞ്ഞിന്റെ പ്രാഥമികഘട്ടമാണെന്നും എം ജി മനോജ് പറഞ്ഞു.
കൊച്ചിയിലെ വായു ഗുണനിലവാരം കുറഞ്ഞുവരികയാണ്. വായുഗുണനിലവാര സൂചിക 170ന് മുകളിലാണ്. ഗർഭിണികളും പ്രായമായവരും കുട്ടികളും രോഗികളും ശ്രദ്ധിക്കണം.
മഞ്ഞിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും പൊടിപടലങ്ങളും അപകടം വർദ്ധിപ്പിക്കും.
കൊച്ചിയിലെ വ്യവസായ മേഖലകളിൽ താമസിക്കുന്നവർ മാസ്‌ക് ഉപയോഗിക്കണം. കൊച്ചിയിൽ കടൽക്കാറ്റ് ലഭ്യമാകുന്നത് വായു മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Smog covers Kochi city