

നിറയെ ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. അനിരുദ്ധിന്റേതായി പുറത്തിറങ്ങുന്ന പാട്ടുകൾ എല്ലാം നിമിഷനേരങ്ങൾ കൊണ്ടാണ് ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുന്നത്. ഗാനങ്ങൾക്കൊപ്പം അനിരുദ്ധിന്റെ പശ്ചാത്തലസംഗീതത്തിനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ സ്‌പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ആളുകൾ കേട്ട സൗത്ത് ഇന്ത്യൻ ആൽബവും അനിരുദ്ധിന്റെ പേരിലാണ്.
രജനി ചിത്രം കൂലിയിലെ ഗാനങ്ങളാണ് ഇത്തവണ സ്‌പോട്ടിഫൈയിൽ ഒന്നാം സ്ഥാനത്തെത്തിയ സൗത്ത് ഇന്ത്യൻ ആൽബം. കൂലിയിലെ 'മോണിക്ക' എന്ന ഗാനമാണ് ഏറ്റവും കൂടുതൽ ആളുകൾ കേട്ട തമിഴ് ഗാനങ്ങളിൽ ഒന്നാം സ്ഥാനം കൈക്കലാക്കിയത്. വമ്പൻ വരവേൽപ്പായിരുന്നു കൂലിയിലെ ഗാനങ്ങൾക്ക് ലഭിച്ചത്. ചിത്രം സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കിയതെങ്കിലും ഗാനങ്ങൾ വലിയ തരത്തിൽ സ്വീകരിക്കപ്പെട്ടു. ഇതുവരെ ലോകേഷ് സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും മോശം ചിത്രമാണ് കൂലിയെന്നാണ് ആരാധകർ പറയുന്നത്. റിലീസിന് മുന്നേയുള്ള ഹൈപ്പിനൊപ്പം ഉയരാൻ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.
അതേസമയം, പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ലവ് ഇൻഷുറൻസ് കമ്പനി ആണ് ഇനി അനിരുദ്ധിന്റെ സംഗീതത്തിൽ പുറത്തിറങ്ങാനുള്ള ചിത്രം. ഡിസംബർ 18 ന് ചിത്രം പുറത്തിറങ്ങും. പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്ജെ സൂര്യ, മിഷ്‌കിൻ, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഫ്യൂച്ചറിൽ സെറ്റ് ചെയ്ത ഒരു റൊമാന്റിക് കഥയാണ് സിനിമ പറയുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഗംഭീര വിഷ്വൽസാകും സിനിമയുടേതെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്. ചിത്രത്തിലേതായി പുറത്തുവന്ന രണ്ട് ഗാനങ്ങൾക്കും വലിയ വരവേൽപ്പാണ് ലഭിച്ചത്.

ഒരു ഫാന്റസി റൊമാന്റിക് കോമഡി ചിത്രമായി ഒരുങ്ങുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നാനും റൗഡി താൻ, കാതുവാകുല രണ്ട് കാതൽ എന്നീ സിനിമകൾക്ക് ശേഷം വിഘ്‌നേശ് ശിവൻ ഒരുക്കുന്ന സിനിമയാണ് ലവ് ഇൻഷുറൻസ് കമ്പനി.
Content Highlights: South India’s most streamed album on Spotify for 2025 is Coolie