ഉന്നത നേതാക്കൾ രാഹുലിനെ സംരക്ഷിക്കുന്നു; എവിടെയാണ് ഒളിപ്പിച്ചതെന്ന് മുരളി തന്നെ പറയട്ടെ: വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കണം എന്ന മുരളീധരന്റെ നിലപാട് അത്ര ശക്തമല്ല'

ഉന്നത നേതാക്കൾ രാഹുലിനെ സംരക്ഷിക്കുന്നു; എവിടെയാണ് ഒളിപ്പിച്ചതെന്ന് മുരളി തന്നെ പറയട്ടെ: വി ശിവൻകുട്ടി
dot image

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ ഒളിവില്‍ കഴിയുന്നത് ഒരുവിഭാഗം നേതാക്കളുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

രാഹുലിനെ പുറത്താക്കണം എന്ന മുരളീധരന്റെ നിലപാട് അത്ര ശക്തമല്ല. കെപിസിസി പ്രസിഡന്റ് പറയട്ടെ. ദേശീയ നേതൃത്വവും ഇതുവരെ പ്രതികരിച്ചില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ പിടിക്കാനാവാത്തത് പൊലീസിന്റെ പിടിപ്പുകേടെന്ന വിമര്‍ശനത്തിന് രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചതെന്ന് മുരളി തന്നെ പറയട്ടെയെന്നായിരുന്നു പ്രതികരണം.

നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിയതാണെന്നും അതിനി തുറക്കാനാവില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനായിരുന്നു മറുപടി.

അതേസമയം, ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഇന്ന് നിർണായക ദിവസമാണ്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധിത ഗർഭച്ഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.

അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്നും തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും രാഹുലിന്റെ അഭിഭാഷകൻ ഹർജിയിൽ പറയുന്നുണ്ട്. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിക്കെതിരെ സീൽവെച്ച കവറിൽ രാഹുൽ ഡിജിറ്റൽ തെളിവുകളും കോടതിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഗർഭച്ഛിദ്രം നടത്തിയത് യുവതിയുടെ താല്പര്യപ്രകാരമാണെന്നടക്കം തെളിയിക്കുന്ന രേഖകളാണ് ഇതിലെന്നായിരുന്നു പുറത്തുവന്ന വിവരം.

എന്നാൽ രാഹുലിനെ പ്രതിരോധത്തിലാക്കുന്നതാണ് പരാതിക്കാരിയുടെ മെഡിക്കൽ റിപ്പോർട്ട്‌. വൈദ്യപരിശോധനയിൽ യുവതിയുടെ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ കണ്ടെത്തിയതായാണ് ഡോക്ടറുടെ റിപ്പോർട്ട്. വൈദ്യപരിശോധനാ റിപ്പോർട്ടിലാണ് നിർണായക വിവരം. മുറിവുകൾ ബലാത്സംഗത്തിനിടെ ഉണ്ടായതെന്നാണ് നിഗമനം. യുവതിയുടെ മൊഴിയും ഇത് ശരിവെയ്ക്കുന്നുണ്ട്. ഈ റിപ്പോർട്ട്‌ ഇന്ന് കോടതിയിൽ സമർപ്പിക്കും.

അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പുറത്താക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പാർട്ടിക്കുള്ളില്‍ രാഹുലിനെതിരെ അതൃപ്തി പുകയുകയാണ്.

രാഹുലിനെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്ന പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഇന്ന് രംഗത്തുവന്നു. കോൺഗ്രസ് അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചുകഴിഞ്ഞെന്നും രാഹുലിന്റെ കാര്യത്തിൽ പാർട്ടി ഒരു തീരുമാനം വേഗത്തിൽ കൈക്കൊള്ളുമെന്നും കെ മുരളീധരൻ പറഞ്ഞു. തെറ്റുതിരുത്തി തിരിച്ചുവരാനുള്ള മാർഗമാണ് കോൺഗ്രസ് അനുവർത്തിച്ച് വരുന്നതെങ്കിലും രാഹുലിന്റെ കാര്യത്തിൽ അതിന് ഇനി സാധ്യതയില്ല. ഈ സാഹചര്യത്തിൽ ഉചിതമായ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു.

പുകഞ്ഞ കൊള്ളി പുറത്താണ്, ആ പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പാർട്ടിക്ക് പുറത്തുപോകാം. നിലവിൽ സസ്‌പെൻഷനിലായ രാഹുലിനെതിരെ തുടർനടപടികൾ സ്വീകരിക്കും. ഇപ്പോൾ ഏതാണ്ട് ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായിട്ടുണ്ട്. രാഹുലിനെ സസ്‌പെൻഡ് ചെയ്യുമ്പോൾ രേഖാമൂലമുള്ള പരാതി ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല. സർക്കാരിനും പാർട്ടിക്കും മുന്നിൽ രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Minister V Sivankutty says Congress leaders are protecting Rahul Mamkootatil

dot image
To advertise here,contact us
dot image