തുടരും ഹിന്ദി റീമേക്ക് ചർച്ചയിലുണ്ട്, നായകനാകാൻ സാധ്യത അജയ് ദേവ്ഗൺ: തരുൺ മൂർത്തി

'ഹിന്ദി ഞാൻ തന്നെ സംവിധാനം ചെയ്യാമോ എന്ന് അവർ എന്നോട് ചോദിച്ചിരുന്നു'

തുടരും ഹിന്ദി റീമേക്ക് ചർച്ചയിലുണ്ട്, നായകനാകാൻ സാധ്യത അജയ് ദേവ്ഗൺ: തരുൺ മൂർത്തി
dot image

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ സിനിമയാണ് തുടരും. മികച്ച വിജയം നേടിയ സിനിമ 200 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ് എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ഇതിൽ മനസുതുറക്കുകയാണ് തരുൺ മൂർത്തി. തുടരും ഹിന്ദിയിലും തെലുങ്കിലേക്കും റീമേക്ക് ചെയ്യാനുള്ള ചർച്ചകൾ നടക്കുകയാണെന്നും ഹിന്ദിയിൽ അജയ് ദേവ്ഗണിനെ നായകനാക്കാൻ ആണ് പ്ലാൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് ടുഡേ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് തരുൺ ഇക്കാര്യം പറഞ്ഞത്.

'തുടരും റീമേക്കിന്റെ ആലോചനകൾ നടക്കുന്നുണ്ട്. ഹിന്ദിയിൽ നിന്നും തെലുങ്കിൽ നിന്നും അന്വേഷണങ്ങൾ വരുന്നുണ്ട്. ഹിന്ദി ഞാൻ തന്നെ സംവിധാനം ചെയ്യാമോ എന്ന് അവർ എന്നോട് ചോദിച്ചിരുന്നു. പക്ഷെ ബാക്ക് ടു ബാക്ക് കമ്മിറ്റ്മെന്റുകൾ ഉള്ളതിനാൽ എനിക്ക് അത് ചെയ്യാൻ കഴിയുമോ എന്നറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദി വേർഷൻ പുറത്തിറക്കാൻ ആണ് അവർ നോക്കുന്നത്. കാരണം അദ്ദേഹത്തിന് ഒരു സ്റ്റണ്ട് പശ്ചാത്തലം ഉണ്ട്. അദ്ദേഹത്തിന്റെ അച്ഛൻ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു. അതുകൊണ്ട് അങ്ങനെ ഒരു ഡിസ്കഷൻ നടക്കുന്നുണ്ട്. പക്ഷെ ഫൈനൽ സ്റ്റേജിലേക്ക് എത്തിയിട്ടില്ല', തരുൺ മൂർത്തി.

തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിൽ പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാർ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.

അതേസമയം, തുടരുമിന് ശേഷം വീണ്ടും ഒരു മോഹൻലാൽ സിനിമയുടെ പണിപ്പുരയിലാണ് തരുൺ മൂർത്തി. ചിത്രത്തിന് കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. സിനിമയുടെ തിരക്കഥയും സംഭാഷണവും രതീഷിന്‍റേതാണ്. ചിത്രവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ഈ സിനിമ നിർമിക്കുന്നത്.

Content Highlights: Thudarum hindi remake in plans says tharun moorthy

dot image
To advertise here,contact us
dot image