ദുൽഖറിനായിരുന്നു അന്ന് അവാർഡ് കിട്ടേണ്ടിയിരുന്നത്, ഗംഭീര പെർഫോമൻസ് ആയിരുന്നു അദ്ദേഹത്തിന്റേത്: വിനായകൻ

'ദുൽഖർ ആണ് ഏറ്റവും കൂടുതൽ ആ സിനിമയ്ക്കായി കഷ്ടപ്പെട്ടത്'

ദുൽഖറിനായിരുന്നു അന്ന് അവാർഡ് കിട്ടേണ്ടിയിരുന്നത്, ഗംഭീര പെർഫോമൻസ് ആയിരുന്നു അദ്ദേഹത്തിന്റേത്: വിനായകൻ
dot image

രാജീവ് രവി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ, വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് കമ്മട്ടിപ്പാടം. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വിജയിച്ചിരുന്നു. താൻ കണ്ടതിൽ ദുൽഖറിന്റെ ഏറ്റവും മികച്ച പെർഫോമൻസ് കമ്മട്ടിപ്പാടത്തിലേത് ആണെന്ന് മനസുതുറക്കുകയാണ് വിനായകൻ. ശരിക്കും അന്ന് ദുൽഖറിനായിരുന്നു അവാർഡ് കിട്ടേണ്ടിയിരുന്നത് എന്നും ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞു.

'ഞാൻ കണ്ടതിൽ ദുൽഖറിന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആണ് കമ്മട്ടിപ്പാടത്തിലേത്. കഥാപാത്രത്തിന്റെ ലൈഫ്സ്റ്റൈലിൽ നിന്ന് നേരെ ഓപ്പോസിറ്റ് ആണ് ദുൽഖർ. എന്നാൽ നമ്മൾ ഇതിൽ ജീവിക്കുന്നവരാണ്. ശരിക്കും അന്ന് ദുൽഖറിനായിരുന്നു അവാർഡ് കിട്ടേണ്ടിയിരുന്നത്. ദുൽഖർ ആണ് ഏറ്റവും കൂടുതൽ ആ സിനിമയ്ക്കായി കഷ്ടപ്പെട്ടത്. എനിക്കും മണികണ്ഠനും കഥയുടെ പശ്ചാത്തലവുമായി നല്ല ബന്ധമുണ്ട്. ദുൽഖർ പുറത്തുനിന്നു ഇങ്ങോട്ട് വന്നു വീണതാണ്', വിനായകന്റെ വാക്കുകൾ.

മണികണ്ഠൻ ആചാരി, വിനയ് ഫോർട്ട്, അനിൽ നെടുമങ്ങാട്, ഷൈൻ ടോം ചാക്കോ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. പി ബാലചന്ദ്രൻ തിരക്കഥയെഴുതിയ സിനിമയ്ക്കായി കാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ ആയിരുന്നു. 47-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടൻ, മികച്ച സഹനടൻ, മികച്ച കലാസംവിധായകൻ, മികച്ച എഡിറ്റിംഗ് എന്നീ അവാർഡുകൾ സിനിമ നേടിയിരുന്നു.

അതേസമയം, മമ്മൂട്ടി ചിത്രം കളങ്കാവൽ ആണ് ഇനി പുറത്തിറങ്ങാനുള്ള വിനായകൻ ചിത്രം. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മേൽ ആരാധകർക്കുള്ളത്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.

Content Highlights: Dulquer was great in kammattipadam says vinayakan

dot image
To advertise here,contact us
dot image