

കോഴിക്കോട്: ജന്മനാടായ ഇന്ത്യക്കുവേണ്ടി നാം എപ്പോഴും നിലകൊള്ളണമെന്നും അതാണ് വിശ്വാസം പഠിപ്പിക്കുന്നതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മക്കയും മദീനയും ഉൾക്കൊള്ളുന്ന സൗദിഅറേബ്യ, ഇന്ത്യയെ ആക്രമിക്കാൻവന്നാൽ ഞാൻ ഇന്ത്യക്കുവേണ്ടി പോരാടണം. അതാണ് യഥാർഥ വിശ്വാസം പഠിപ്പിക്കുന്നത്. ഞാൻ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ പടച്ചതമ്പുരാൻ എന്നെ വിടുകയില്ല. ഇങ്ങനെ ജന്മനാടിനായി പോരാടിയ രാജാവാണ് വീരപഴശ്ശിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രവഴികളിൽ വീരപഴശ്ശിയുടെ സ്ഥാനം വളരെ വലുതാണ്. മഹാത്മാഗാന്ധി അഹിംസയിലൂടെയും സുഭാഷ് ചന്ദ്രബോസ് സായുധപോരാട്ടത്തിലൂടെയും പഴശ്ശിരാജ ഗറില്ലാ യുദ്ധമുറകളിലൂടെയും നാടിനായി പൊരുതി. വെളിയംകോട് ഉമർ ഖാസി ബ്രിട്ടീഷുകാർക്ക് നികുതി കൊടുക്കരുതെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഈ വഴികളെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യധാരയിൽ ഒരുമിച്ചുചേർന്നു. പുതിയ തലമുറ ഈ ചരിത്രമെല്ലാം പഠിക്കണം. പാഠ്യപദ്ധതിയിൽ പഴശ്ശിരാജാവിനെക്കുറിച്ചുള്ള വിശദമായ പാഠങ്ങൾ സർക്കാർ ഉൾപ്പെടുത്തണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. അളകാപുരിയിൽ പഴശ്ശിരാജാ ചാരിറ്റബിൾ ട്രസ്റ്റും ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച പഴശ്ശിരാജയുടെ വീരാഹുതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Content Highlights: We all ways stands for India says Muslim league leader Sadiq Ali Shihab Thangal