

പാലക്കാട്: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിലെന്ന് സൂചന. പാലക്കാട്‌നിന്ന് പൊള്ളാച്ചി വഴി കോയമ്പത്തൂരിലേക്ക് പോയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ട വഴിയെക്കുറിച്ച് സൂചന ലഭിച്ചു.
ആദ്യം പൊള്ളാച്ചിയിൽ എത്തിയ രാഹുൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും അവിടെ തങ്ങി. പിന്നാലെ അവിടെനിന്ന് കോയമ്പത്തൂരിലേക്ക് മുങ്ങിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. രാഹുലിന് കോയമ്പത്തൂരിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ഫോണുകളും സിമ്മുകളും മാറ്റി മാറ്റി ഉപയോഗിക്കുന്നുണ്ടെന്നും എസ്‌ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
നാളെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അദ്ദേഹത്തെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കിയിരിക്കയാണ് അന്വേഷണ സംഘം. ഇതിനായി കൂടുതൽ പേരെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ ചോദ്യംചെയ്യും. രാഹുൽ മുങ്ങിയത് ചുവന്ന നിറമുളള ഫോക്സ്വാഗൺ പോളോ കാറിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ കാറിന്റെ ഉടമയായ യുവനടിയെയാണ് അന്വേഷണ സംഘം ചോദ്യംചെയ്യുക. ഉടൻ തന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് റിപ്പോർട്ട്. നോട്ടീസ് നൽകി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരണം. നടിയെ ഇതിനകം പൊലീസ് ഫോണിൽ ബന്ധപ്പെട്ടെന്ന് സൂചന. കഴിഞ്ഞ ബുധനാഴ്ച്ച മുതൽ കാർ പാലക്കാട് ഉണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യംചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചത്.
Content Highlights: Rahul Mamkootathil at Coimbatore hint to SIT